ഫുജൈറ: യുഎഇയിലേക്കുള്ള സര്‍വീസുകള്‍ ഉയര്‍ത്താനൊരുങ്ങി ഇന്ത്യന്‍ ബജറ്റ് എയർലൈൻ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. യുഎഇയിലെ ഫുജൈറയിലേക്ക് നേരിട്ടുള്ള പുതിയ പ്രതിദിന സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങുകയാണ് ഇന്‍ഡിഗോ. കേരളത്തില്‍ നിന്നുള്‍പ്പെടെ പുതിയ സര്‍വീസുകളുണ്ട്.
കണ്ണൂരില്‍ നിന്നും മുംബൈയില്‍ നിന്നും മെയ് 15 മുതല്‍ ഫുജൈറയിലേക്ക് ദിവസേന നേരിട്ടുള്ള സര്‍വീസ് തുടങ്ങുമെന്നാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25ന് ഫുജൈറയിൽ എത്തും. തിരികെ പുലർച്ചെ 3.40ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് കണ്ണൂരിൽ എത്തും. ഫുജൈറയിൽ നിന്ന് അർധരാത്രി 12.25ന് പുറപ്പെട്ട് പുലർച്ചെ 4.50ന് മുംബൈയിൽ ഇറങ്ങും. മുംബൈയിൽ നിന്നു പുലർച്ചെ 1.10ന് പുറപ്പെട്ട് ഫുജൈറയിൽ പുലർച്ചെ 2.40ന് എത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ ആകർഷക നിരക്കിളവുകളും ലഭിക്കും.



