റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് നാളെ തുടക്കമാകും. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളാണ് ട്രംപ് സന്ദർശിക്കുക. അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള !*!ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര. മെയ് 16 വരെയായിരിക്കും സന്ദർശനം. ആദ്യം സൗദി അറേബ്യയിലായിരിക്കും സന്ദർശനം നടത്തുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ കൂടിക്കാഴ്ചയിൽ ഗാസ വെടിനിർത്തൽ നിർദേശവും പുനർനിർമാണ പദ്ധതിയും ചർച്ചയാകും.
സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ, ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ എന്നിവരും പങ്കെടുക്കുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സന്ദർശനം ഒഴിവാക്കിക്കൊണ്ടാണ് ട്രംപ് പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നത്. ഇത് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനകളല്ലെന്ന് യുഎസ് നയതന്ത്ര പ്രതിനിധി മൈക്ക് ഹുക്കാബി നേരത്തെ അറിയിച്ചിരുന്നു.



