വൈറ്റ് ഹൗസ്: ഇന്ത്യയും പാകിസ്താനും വെടിനിർത്തലിൽ എത്താനുള്ള പ്രധാന കാരണം വ്യാപാരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാറിലെത്തുന്നതിനായി തന്റെ ഭരണകൂടം മധ്യസ്ഥത വഹിച്ചു. വെടിനിർത്തലിലേക്കെത്തിയ സാഹചര്യത്തിൽ യുഎസ് ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാൻ തയ്യാറാണെന്നും വൈറ്റ് ഹൗസിൽ ട്രംപ് പറഞ്ഞു.
‘ഞങ്ങൾ ഒരുപാട് സഹായിച്ചു. വ്യാപാരത്തിലും സഹായിച്ചു. ഞാൻ പറഞ്ഞു, ഞങ്ങൾക്ക് ഒരുപാട് വ്യാപാരങ്ങൾ നിങ്ങളുമായി ചെയ്യാനുണ്ട്. നിങ്ങൾ അവസാനിപ്പിക്കൂ, നിങ്ങൾ അവസാനിപ്പിക്കൂ. നിങ്ങൾ അവസാനിപ്പിച്ചാൽ ഞങ്ങൾ നിങ്ങളുമായി വ്യാപാരം ചെയ്യും. നിങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, ഞങ്ങൾ ഒരു വ്യാപാരവും ചെയ്യില്ല. അതോടെ അവർ നിർത്തുകയായിരുന്നു’, ഇങ്ങനെയായിരുന്നു ട്രംപ് പറഞ്ഞത്.
ഇന്ത്യപാക് സംഘർഷം ആണവയുദ്ധത്തിലേക്ക് എത്തുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇത് തങ്ങൾ ഇടപെട്ട് ഒഴിവാക്കിയെന്നാണ് ട്രംപിന്റെ അവകാശവാദം.
‘ഒരു ആണവയുദ്ധമാണ് ഞങ്ങൾ അവസാനിപ്പിച്ചത്. ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നുവെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. അത് കൊണ്ട് തന്നെ എനിക്ക് അഭിമാനമുണ്ട്.’, എന്നാണ് ട്രംപ് അവകാശപ്പെട്ടത്.



