കീവ് : ലിയോ മാർപാപ്പ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രസംഗത്തിൽ യുക്രെയ്നിലെ സമാധാനത്തിനായി ആഹ്വാനം ചെയ്തതിനു പിന്നാലെ, അദ്ദേഹത്തിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ക്ഷണം. മാർപാപ്പയുമായി ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹത്തെ യുക്രെയ്നിലേക്കു ക്ഷണിച്ചത്. ഒരു രാഷ്ട്രനേതാവുമായി പുതിയ മാർപാപ്പയുടെ ആദ്യത്തെ സംഭാഷണമാണിത്.
യുദ്ധത്തിനിടെ റഷ്യ കൊണ്ടുപോയ ആയിരക്കണക്കിനു കുട്ടികളെ യുക്രെയ്നിലേക്കു തിരിച്ചുകൊണ്ടുവരുന്നതിൽ മാർപാപ്പയുടെ സഹായം സെലെൻസ്കി അഭ്യർഥിച്ചു. വെടിനിർത്തൽ ആഹ്വാനവും തുർക്കിയിലെ സമാധാനചർച്ചയ്ക്കുള്ള സന്നദ്ധതയും ഉൾപ്പെടെ യുദ്ധം അവസാനിപ്പിക്കാനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ലിയോ മാർപാപ്പയോട് സെലെൻസ്കി വിശദീകരിച്ചു.
‘യുക്രെയ്നിലെ ജനങ്ങളുടെ ദുരിതം എന്റെ ഹൃദയത്തിലുണ്ട്’ എന്നായിരുന്നു ഞായറാഴ്ച മാർപാപ്പയുടെ പരാമർശം. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടേതിനെക്കാൾ ശക്തമായ നിലപാടാണ് യുക്രെയ്ൻ യുദ്ധത്തിന്റെ കാര്യത്തിൽ ലിയോ മാർപാപ്പയുടേതെന്നാണ് വിലയിരുത്തൽ.



