ന്യൂഡൽഹി: പാകിസ്താനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളിൽ മൗനം പാലിച്ചതിൽ പ്രതിപക്ഷ വിമർശനം. തിങ്കളാഴ്ച രാത്രി എട്ടിനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
അതിനു തൊട്ടുമുന്നേ, തന്റെ ഇടപെടലിലൂടെയാണ് വെടിനിർത്തൽ യാഥാർഥ്യമായതെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. വ്യാപാര വാഗ്ദാനങ്ങളിലൂടെയാണ് ഏറ്റുമുട്ടൽ അവസാനിപ്പിക്കാനായതെന്നും അദ്ദേഹം വെളിപ്പെടുത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും അമേരിക്കൻ മധ്യസ്ഥതയെച്ചൊല്ലി നേരത്തേ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഈ പ്രസ്താവനകളെക്കുറിച്ച് മോദി ഒന്നും പരാമർശിച്ചില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ട്രംപിന്റെ പ്രസ്താവനയുടെ വസ്തുത വെളിപ്പെടുത്താൻ മോദി തയാറാകണമെന്നും അവർ ആവശ്യപ്പെടുന്നു.
കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ മൂന്നാം രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്നാണ് കാലങ്ങളായുള്ള ഇന്ത്യയുടെ നയം. ഈ നയം മോദി രഹസ്യമായി തിരുത്തിയോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഏറെ വൈകിയുള്ള മോദിയുടെ പ്രസംഗം, ട്രംപിന്റെ വെളിപ്പെടുത്തലിൽനിന്ന് ശ്രദ്ധ തിരിക്കാനായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു.
‘‘ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി മൗനം പാലിച്ചിരിക്കുകയാണ്. യു.എസ് മധ്യസ്ഥത ഇന്ത്യ അംഗീകരിച്ചിട്ടുണ്ടോ? പാകിസ്താനുമായുള്ള സംഭാഷണത്തിന് നിഷ്പക്ഷ വേദി എന്ന ആവശ്യം ഇന്ത്യ അംഗീകരിച്ചുവോ? അമേരിക്കയുടെ താൽപര്യത്തിനനുസരിച്ച് ഇന്ത്യയിൽ വിവിധ മേഖലയിൽ വിപണി തുറക്കുമോ?’’ -അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 20 ദിവസമായി സർവകക്ഷി യോഗമെന്ന ആവശ്യത്തോട് മോദി മുഖം തിരിച്ചിരിക്കുകയാണെന്നും ഇനിയെങ്കിലും അതിനു സന്നദ്ധനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ ഒറ്റവരി വിശദീകരണങ്ങൾ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കക്ഷിയെ ഇടപെടാൻ അനുവദിക്കുക വഴി പ്രധാനമന്ത്രി കശ്മീർ നയത്തിൽ വെള്ളം ചേർത്തെന്ന് കോൺഗ്രസ് എം.പി രൺദീപ് സിങ് സുർജേവാല പറഞ്ഞു.
ഏതെങ്കിലും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനു മുമ്പ് അമേരിക്ക വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത് പല തരത്തിലുള്ള ആശയക്കുഴപ്പത്തിനിടയാക്കിയെന്ന് സി.പി.എം ആരോപിച്ചു.
ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിനും മറ്റുമായി ഉടൻ പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി ഔദ്യോഗിക വാർത്തക്കുറിപ്പ് പുറത്തിറക്കണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെട്ടു.
1972ലെ ഷിംല കരാറിനുശേഷം, കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയെ ഇടപെടാൻ ഇന്ത്യ അനുവദിച്ചിട്ടില്ല. കശ്മീർ അന്താരാഷ്ട്ര വിഷയമല്ല, മറിച്ച് ആഭ്യന്തര വിഷയമാണെന്നതാണ് ഷിംല കരാറിനുശേഷമുള്ള നിലപാട്. ഈ നിലപാടിന് വിരുദ്ധമാണ് ട്രംപിന്റെ പ്രസ്താവനയെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഒരു വിദേശ രാജ്യത്തിന്റെ പ്രസിഡന്റിനുമുന്നേ നരേന്ദ്ര മോദിയായിരുന്നു വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടതെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അസദുദ്ദീൻ ഉവൈസി എം.പി പറഞ്ഞു. വെടിനിർത്തലിന് പാകിസ്താൻ അപേക്ഷിച്ചുവെന്ന് പറഞ്ഞ മോദി, എന്തുകൊണ്ട് ആദ്യമേ വെടിനിർത്തൽ പ്രഖ്യാപിച്ചില്ലെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി ചോദിച്ചു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് മോദിയോ ബി.ജെ.പിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, വിമർശനം രൂക്ഷമായതോടെ വിദേശകാര്യ മന്ത്രാലയത്തിന് പ്രതികരിക്കേണ്ടിവന്നു. വെടിനിർത്തലിൽ മൂന്നാം കക്ഷിയുടെ ഇടപെടലില്ലെന്നും വ്യാപാര താൽപര്യങ്ങളും മറ്റും യു.എസുമായുള്ള ചർച്ചയിൽ കടന്നുവന്നിട്ടില്ലെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം.



