ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിലെത്തി. ബുധനാഴ്ച രാവിലെ റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ ഖത്തർ അമീർ ശൈയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. 22 വർഷത്തിനു ശേഷം ഒരു അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് വേദിയാകുന്ന ഖത്തർ വൻ വരവേൽപാണ് അമേരിക്കൻ പ്രസിഡന്റിനായി ഒരുക്കിയത്.
ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ച യുഎസ് പ്രസിഡന്റിന്റെ വിമാനത്തെ അമീരി വ്യോമസേനയുടെ അകമ്പടിയോടെ സ്വീകരിച്ചു. ദോഹ കോർണിഷ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ അമേരിക്കൻ, ഖത്തർ ദേശീയ പതാകകൾ കൊണ്ട് അലങ്കരിച്ചിരുന്നു. വൻ സുരക്ഷാ ക്രമീകരണമാണ് നഗരത്തിലുടനീളം ഒരുക്കിയത്. പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെ ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡുകളും അടച്ചു. യാത്രക്കാർ ദോഹ മെട്രോ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഹമദ് വിമാനത്താവളം അധികൃതർ നിർദേശിച്ചു.
ഡൊണാൾഡ് ട്രംപ് ഖത്തറിലെത്തി, 22 വർഷത്തിനു ശേഷം അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് വേദിയായി ഖത്തർ
RELATED ARTICLES



