ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കും. കേസെടുക്കാൻ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം ലഭിച്ചു. പ്രഥമദൃഷ്ട്യാ വിജയ് ഷാ നടത്തിയ പരാമർശം കുറ്റകരമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ബിഎൻഎസ് നിയമത്തിലെ 196 വകുപ്പനുസരിച്ച് കേസെടുക്കണം. മന്ത്രിയുടെ പരാമർശം അപകടകരമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.
കേസെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ അതുൽ ശ്രീധർ, അനുരാധ ശുക്ല എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് നിർദേശം. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കരുതെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചുവെന്ന് ഹൈക്കോടതിയുടെ മറുപടി.



