കണ്ണൂര്‍: മലപ്പട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ സുധാകരന്‍ എംപിയേയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ആക്രമിച്ച സിപിഐഎം ക്രിമിനല്‍ സംഘത്തിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഐഎം പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ പോലീസ് സൗകര്യമൊരുക്കി. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും തണലാണ് ഇവരുടെ ശക്തി. സിപിഐഎം അഴിഞ്ഞാട്ടം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി സ്തൂപം തകര്‍ത്തതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമങ്ങള്‍ നടന്നത്. ഇതില്‍ പ്രതിഷേധിച്ചു നടന്ന സമാധാനയാത്രയെയാണ് സിപിഐഎം ആക്രമിച്ചത്. ബിജെപിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് സിപിഐഎം ഗാന്ധി സ്തൂപങ്ങളെ തകര്‍ക്കുന്നതും സമാധാനയാത്രകളെ ആക്രമിക്കുന്നതും. ഫാസിസത്തിന്റെ ഇരുവശങ്ങളാണ് സിപിഐഎഎമ്മും ബിജെപിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.



