തിരുവനന്തപുരം: ജൂനിയർ വനിതാ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ സീനിയർ അഭിഭാഷകന്‍ ബെയ്‌ലിൻ ദാസ് ജയിലിൽ തുടരും. പ്രതി ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. ഈ മാസം 27വരെ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാൾ സഞ്ചരിച്ച കാർ വളഞ്ഞ് സിനിമ സ്റ്റൈലിൽ തുമ്പ സി.ഐയുടെ നേതൃത്വത്തിൽ ബെയ്‍ലിൻ ദാസിനെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുമ്പോൾ കാറിൽ ഇയാളുടെ ബന്ധുവുമുണ്ടായിരുന്നു. ബന്ധുവിനെ വിട്ടയച്ച പൊലീസ്, ബെയ്‍ലിൻ ദാസിനെ വഞ്ചിയൂർ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തന്‍റെ ജൂനിയറായ പാറശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ (26) സഹപ്രവർത്തകർ നോക്കിനിൽക്കെ ഓഫിസ് കാബിനിലിട്ട് ബെയ്‌ലിൻ ദാസ് ക്രൂരമായി മർദിച്ചത്. ഓഫിസിലെ സഹപ്രവർത്തകയോടും തന്നോടും മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മർദനം.



