വാഷിംങ്ടൺ: യു.എസിലെ രണ്ട് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് 16 പേർ മരിച്ചതായി റിപ്പോർട്ട്. സെന്റ് ലൂയിസ് നഗരത്തിൽ അഞ്ചും മിസോറിയിൽ ഒമ്പതും കെന്റക്കിയിൽ ഏഴും പേർ മരിച്ചു.മരണസംഖ്യ ഉയർന്നേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ കെന്റക്കി സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ലോറൽ കൗണ്ടിയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 5,000 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും മേൽക്കൂരകൾ തകർന്നതായും വൈദ്യുതി ലൈനുകൾ തകർന്നതായും മിസോറി ഉദ്യോഗസ്ഥർ പറഞ്ഞു.
സെന്റ് ലൂയിസിൽ ഏകദേശം 100,000 കെട്ടിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ വീടുകൾ തോറും തിരച്ചിൽ നടത്തുന്നതായി അഗ്നിശമന വകുപ്പ് അറിയിച്ചു.
1904 ലെ ഒളിമ്പിക് ഗെയിംസ് നടന്ന സെന്റ് ലൂയിസിലെ ഫോറസ്റ്റ് പാർക്കിന് സമീപം ചുഴലിക്കാറ്റ് കരയിലേക്ക് പതിച്ചതായി നാഷനൽ വെതർ സർവിസ് റഡാർ കാണിച്ചു. സമീപത്തുള്ള സെന്റിനൽ ക്രിസ്ത്യൻ പള്ളിയുടെ ഒരു ഭാഗം തകർന്നു വീണ് ഒരാൾ മരിച്ചു. ഇവിടെ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയെന്നും സെന്റ് ലൂയിസ് ഫയർ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.
നാശനഷ്ടങ്ങൾ കൂടുതലായി സംഭവിച്ച രണ്ട് പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. അയൽ സംസ്ഥാനമായ ഇല്ലിനോയിസിലും ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായും കിഴക്കോട്ട് അറ്റ്ലാന്റിക് തീരം വരെ കൂടുതൽ കഠിനമായ കാലാവസ്ഥ നീണ്ടുനിൽക്കുന്നതായും യു.എസ് നാഷനൽ വെതർ സർവിസ് പറഞ്ഞു.



