ഡൽഹി: ഇന്ത്യാ – പാകിസ്താൻ വെടിനിർത്തലിന് പിന്നാലെ, പാകിസ്താനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ നടപടി തുടരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിയിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി.
റെഡിമെയ്ഡ് തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ ബംഗ്ലാദേശിൽ നിന്ന് തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്നതിലാണ് നിയന്ത്രണം കൊണ്ടുവന്നത്. ബംഗ്ലാദേശിലെ ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസ് അധികാരത്തിലേറിയ ശേഷം ഇന്ത്യയുമായി അടുപ്പക്കുറവ് ഉണ്ടായിരുന്നു.യൂനുസ് പാകിസ്താൻ സന്ദർശിക്കുകയും ചെയ്തു.
തുർക്കിക്കെതിരെയുള്ള നടപടിക്ക് പിന്നാലെയാണ് ബംഗ്ലാദേശിനെതിരെയും ഇന്ത്യ നടപടി സ്വീകരിക്കുന്നത്.ഇന്ത്യ വഴി നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ഈ നിയന്ത്രണം ബാധിക്കില്ല. നേരത്തേ തന്നെ ചൈനയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കടലുമായി ബന്ധപ്പെടാനാകില്ലെന്നും ആ ഭൂപ്രദേശങ്ങൾ കൈയ്യടക്കാൻ ചൈനയെ സഹായിക്കാമെന്നും ബംഗ്ലാദേശിലെ ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസ് പ്രസ്താവിച്ചിരുന്നു.ബംഗ്ലാദേശിലെ ടെക്സ്റ്റൈൽ വ്യാപാര മേഖലയ്ക്കും ഭക്ഷ്യോൽപ്പന്ന വ്യാപാരികൾക്കും വലിയ തിരിച്ചടിയാവും ഉണ്ടാവുക.



