വാഷിങ്ടൺ: മുൻ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതിന് പിന്നാലെ സംശയങ്ങൾ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. എന്തുകൊണ്ട് ഇത്രയും കാലം രോഗാവസ്ഥ മറച്ചുവെച്ചുവെന്ന് ട്രംപ് ചോദിച്ചു. രോഗം ഇത്രയും കാലമായിട്ടും പുറത്തുവന്നില്ലായെന്നതിൽ തനിക്ക് അത്ഭുതം തോന്നുന്നുണ്ട്. രോഗം ഇത്രയും രൂക്ഷമായ നിലയിലാകാൻ ഒരുപാട് സമയം എടുത്തുകാണുമല്ലോയെന്നും ഡൊണാൾഡ് ട്രംപ് ചോദിച്ചു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ജോ ബൈഡന്റെ ആരോഗ്യമടക്കം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ട്രംപിന്‍റെ പ്രചാരണം. ബൈഡന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ ഡോക്ടർ തന്നെയാണ് ഇപ്പോൾ കാൻസർ ഉണ്ടെന്ന് പറയുന്നതെന്നും ട്രംപ് ചോദിച്ചു.



