പത്തനംതിട്ട : യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഒരാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് തെറ്റി മുരുപ്പെൽ വീട്ടിൽ ലിതിൻലാലാ( 35 )ണ് പിടിയിലായത്. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കുടുക്കിയത്. കലഞ്ഞൂർ കെഎസ്ഇബി ഓഫീസിന് സമീപം പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരുന്ന ഡിപ്പോ ജംഗ്ഷൻ അനു ഭവനം വീട്ടിൽ വി അനൂപ് കുമാറി(34)നുനേരെ 17 ന് രാത്രി 8.15 ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയിലാണ് ആക്രമണമുണ്ടായത്. കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിൽ നിന്നും വീട്ടിലേക്കുള്ള കോൺക്രീറ്റ് പഞ്ചായത്ത് റോഡിനു തുടക്കത്തിലുള്ള കാടുപിടിച്ച ഭാഗത്ത് വെച്ചായിരുന്നു ആസിഡ് ആക്രമണം. അറസ്റ്റിലായ ലിതിൻലാലിന് അനൂപ് കുമാറിനോട് നിലവിലുള്ള വിരോധം കാരണം ഇയാൾ മറ്റൊരാളെക്കൊണ്ട് ആസിഡ് ഒഴിപ്പിക്കുകയായിരുന്നു, പോലീസ് അന്വേഷണം തുടരുകയാണ്.
മുഖം മാസ്ക് ധരിച്ച് മറച്ച് എത്തിയ അക്രമി കയ്യിൽ കരുതിയ ആസിഡ് അനൂപിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇടത് കണ്ണിന് ഭാഗികമായ കാഴ്ചക്കുറവുണ്ടാവുകയും, മുഖത്തും നെഞ്ചിലും പൊള്ളലേൽക്കുകയും ചെയ്തു. നാലു വർഷമായി സ്ഥാപനം നടത്തി വരികയാണ് അനൂപ്. രാത്രി എട്ടിനു കട അടച്ചശേഷം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. മാസ്ക് ധരിച്ചെത്തിയയാൾ വീട്ടിലേക്ക് തിരിയുന്ന കോൺക്രീറ്റ് റോഡിന്റെ അടുത്ത് വച്ച് കാടുമുടിയ ഭാഗത്ത് നിന്നും പെട്ടെന്ന് ഓടിയെത്തി കയ്യിൽ കരുതിയ ആസിഡ് ഒഴിക്കുകയായിരുന്നെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.
നീറ്റലും പുകച്ചിലും അനുഭവപ്പെട്ടപ്പോൾ ദ്രാവകം ആസിഡ് ആണെന്ന് മനസ്സിലായി. ഒഴിച്ചയാൾ പാടം റോഡിന്റെ ഭാഗത്തേക്ക് ഓടിപ്പോയതായി കണ്ടു. ബൈക്ക് ഓഫ് ചെയ്യാതെ അനൂപ് വീട്ടിലെത്തി പിതാവിനെ വിവരം അറിയിച്ചു. അദ്ദേഹം അനൂപിനെ പൈപ്പിന്റെ കീഴിലിരുത്തി മുഖത്തും ദേഹത്തും എല്ലാം വെള്ളമൊഴിച്ചു. പിന്നീട് കാറിൽ അടൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടർ കൂടുതൽ ചികിത്സയ്ക്കായി കണ്ണുരോഗചികിത്സ വിഭാഗത്തിലേക്ക് മാറ്റി.



