റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 27 മാവോവാദികൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏകദേശം 50 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണ ഏജൻസികൾ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെടെയുള്ള മാവോവാദികളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതൽ നക്‌സൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇയാളെ വർഷങ്ങളായി വിവിധ ഏജൻസികൾ അന്വേഷിച്ചുവരികയായിരുന്നു.
ബെംഗളൂരുവിൽ മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; കേസെടുത്ത് പൊലീസ്
മാവോവാദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഛത്തീസ്ഗഡ് പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) അംഗങ്ങൾ വനമേഖലയിൽ പരിശോധന നടത്തിയത്. നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ ജില്ലകളിൽ നിന്നുള്ള ഡിആർജി അംഗങ്ങളാണ് ഏറ്റുമുട്ടലിലുണ്ടായത്. മാവോവാദികൾ ആദ്യം സൈനികർക്ക് നേരെ വെടിയുതിർക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിർക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



