Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം : മദ്യപിച്ച് കാറോടിച്ച യുവാവ് അറസ്റ്റിൽ

അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം : മദ്യപിച്ച് കാറോടിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ മദ്യപിച്ച് കാറോടിച്ച യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര പട്ടരെത്ത് വീട്ടിൽ ജസ്റ്റിൻ വിത്സൻ (24) ആണ് പിടിയിലായത്. ഇയാൾ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വെളിവായി. 21 ന് രാത്രി 10.15 ന് കൊന്നമൂട് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓമല്ലൂർ നടുവത്ത്കാവ് കൊച്ചുമുറിയിൽ വീട്ടിൽ ജോബിൻ (31) ആണ് മരിച്ചത്. പത്തനംതിട്ട കടമ്മനിട്ട റോഡിൽ അമിത വേഗതയിലും അശ്രദ്ധമായും ജസ്റ്റിൻ ഓടിച്ചു വന്ന കാർ, എതിർദിശയിൽ ജോബിൻ ഓടിച്ചുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സുഹൃത്ത് സുബിനൊപ്പം വീട്ടിലേക്ക് വരവേയാണ് അപകടമുണ്ടായത്.
റോഡിൽ തെറിച്ചുവീണ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും ജോബിൻ മരണപ്പെട്ടിരുന്നു. തലക്കും മറ്റും പരിക്കുകൾ പറ്റിയ അടൂർ സ്വദേശിയായ സുബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട ജോബിന്റെ ബന്ധുവിന്റെ മൊഴിവാങ്ങി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ജോബിന് ഭാര്യയും ഒരു പെൺകുഞ്ഞു മുണ്ട്, സ്വകാര്യ ബസ് ഡ്രൈവർ ആയിരുന്നു.
സംഭവം അറിഞ്ഞ പത്തനംതിട്ട എസ് ഐ ഷിജു പി സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടനടി സ്ഥലത്തെത്തി, മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന കാർ ഡ്രൈവർ ജസ്റ്റിനെ പോലീസ് കയ്യോടെ പിടികൂടി. രാത്രി 8.30 ന് ഇയാൾ ഓടിച്ച കാർ ടൗണിലൂടെ വെട്ടിച്ച് വെട്ടിച്ച് അപകടകരമായ രീതിയിൽ പോയതായി കണ്ടവരുണ്ട്. ഇക്കാര്യം അന്വേഷണത്തിൽ അറിഞ്ഞ പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തു. ടൗണിലെ ബാറിൽ നിന്നും മദ്യപിച്ചതായി ഇയാൾ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. ഇയാളെയും ഒപ്പുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. കടമ്മനിട്ടയിലൊരു സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാൻ പോകുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. പഠനം കഴിഞ്ഞ് നിൽക്കുകയാണ് യുവാവ്.

                  
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments