ദോഹ: ടൂറിസം മേഖലയിലെ വളർച്ചയിൽ ഗൾഫിൽ ഖത്തർ ഒന്നാം സ്ഥാനത്താണെന്ന് ഖത്തർ ടൂറിസം ചെയർമാൻ അലി അൽ ഖർജി. ഖത്തർ സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകൾ നിരത്തിയാണ് ഗൾഫിലെ ടൂറിസം വളർച്ചയിൽ ഖത്തർ ഒന്നാമതാണെന്ന് ഖത്തർ ടൂറിസം ചെയർമാൻ അലി അൽ ഖർജി സമർത്ഥിച്ചത്. കഴിഞ്ഞ വർഷം 50 ലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയത്. 2023 നേക്കാൾ 25 ശതമാനം കൂടുതലാണിത്. അതോടൊപ്പം തന്നെ ഹോട്ടൽ റൂം ബുക്കിംഗ് ആദ്യമായി ഒരു കോടിയിലെത്തി. 22 ശതമാനമാണ് ഹോട്ടൽ ബുക്കിംഗിലെ വളർച്ച. ഇത് യുഎഇയെയും സൗദിയെയും അപേക്ഷിച്ച് ഏറെ ഉയർന്നതാണെന്നും ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി അവകാശപ്പെട്ടു.
55 ബില്യൺ ഖത്തർ റിയാലാണ് നിലവിൽ ടൂറിസം മേഖലയിൽ നിന്ന് ജിഡിപിയിലേക്കുള്ള സംഭാവന. മിഷൻ 2030 പ്രകാരം ജിഡിപിയുടെ 12 ശതമാനം ടൂറിസത്തിൽ നിന്ന് ലഭിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് പിപിപി മോഡലിൽ കൂടുതൽ ബീച്ചുകൾ വികസിപ്പിക്കമെന്നും അദ്ദേഹം വ്യക്തമാക്കി.



