ദുബൈ: യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. അബൂദബിയിലെ അൽ ശവാമിഖിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് 50.4ഡിഗ്രി സെൽഷ്യസ് റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. 2003ൽ താപനില രേഖപ്പെടുത്തുന്നത് ആരംഭിച്ചതിന് ശേഷം മേയ് മാസത്തിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ ചൂടാണിതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2009ൽ രേഖപ്പെടുത്തിയ 50.2ഡിഗ്രി ചൂടാണ് അവസാനമായി മേയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ചൂട്.
വേനൽ മാസങ്ങളിൽ കടുത്ത താപനില അനുഭവപ്പെടുന്ന രാജ്യത്ത്, സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ സാധാരണയേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തിയത്, വരും നാളുകൾ പൊള്ളുമെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ മാസം രാജ്യത്തെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമായിരുന്നു. ശരാശരി പ്രതിദിന ഉയർന്ന താപനില 42.6ഡിഗ്രി വരെ ഏപ്രിലിൽ രേഖപ്പെടുത്തിയത്. 2003 മുതൽ താപനില സംബന്ധിച്ച് സമഗ്രമായ കണക്കുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂക്ഷിക്കുന്നുണ്ട്.
ചൂട് കനത്ത സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ധാരാളം വെള്ളം കുടിക്കാനും നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനും നിർദേശമുണ്ട്. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും അധികൃതർ ആവശ്യപ്പെട്ടു.



