ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ തെറ്റായ വിവരങ്ങൾ പറഞ്ഞ പാകിസ്താനെ വിമർശിച്ച് ഇന്ത്യ. ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമാണ് പാകിസ്താനെന്നും അവർ അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ കരാർ നിർത്തിവച്ചിരിക്കുകയാണ് എന്നുമായിരുന്നു ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് വ്യക്തമാക്കിയത്. ‘ജലം ജീവനാണ്, യുദ്ധത്തിനുള്ള ആയുധമല്ല’ എന്ന് സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് 1960 ൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി ഇന്ത്യ മരവിപ്പിച്ചത്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിലെ പാകിസ്താൻ ബന്ധം ചൂണ്ടിക്കാണിച്ചായിരുന്നു ഇന്ത്യയുടെ നടപടി. 65 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സിന്ധു നദീജല കരാറിൽ ഏർപ്പെട്ടത് നല്ല വിശ്വാസത്തോടെയാണെന്ന് പർവ്വതനേനി ഹരീഷ് വ്യക്തമാക്കിയിരുന്നു. ആ കരാർ എത്ര സൗഹാർദ്ദത്തോടെയാണ് രൂപപ്പെട്ടതെന്ന് അതിന്റെ ആമുഖം പറയുന്നു. ആറര പതിറ്റാണ്ടിനിടയിൽ, ഇന്ത്യയ്ക്കെതിരെ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാകിസ്താൻ ആ കരാറിന്റെ ആത്മാവിനെ ലംഘിച്ചുവെന്നും പർവ്വതനേനി ഹരീഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 20,000ത്തിലധികം ഇന്ത്യക്കാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച ഹരീഷ് ഈ കാലയളവിൽ ഇന്ത്യ ‘അസാധാരണമായ ക്ഷമയും മഹാമനസ്കതയും’ പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.
പാകിസ്താൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ സാധാരണക്കാരുടെ ജീവൻ, മതസൗഹാർദ്ദം, സാമ്പത്തിക അഭിവൃദ്ധി എന്നിവയെ ബന്ദികളാക്കാൻ ശ്രമിക്കുന്നുവെന്നും പർവ്വതനേനി ഹരീഷ് കുറ്റപ്പെടുത്തി. പഴയ അണക്കെട്ടുകളിൽ ചിലത് ഗുരുതരമായ സുരക്ഷാ ആശങ്കകൾ നേരിടുന്നുവെന്ന് പറഞ്ഞ പർവ്വതനേനി ഹരീഷ് അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങളും ഉടമ്പടി പ്രകാരം അനുവദനീയമായ വ്യവസ്ഥകളിലെ ഏതെങ്കിലും പരിഷ്കാരങ്ങളും പാകിസ്ഥാൻ നിരന്തരം തടഞ്ഞുകൊണ്ടിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. 2012 ൽ ജമ്മു കശ്മീരിലെ തുൽബുൾ നാവിഗേഷൻ പദ്ധതിയെ തീവ്രവാദികൾ ആക്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.



