Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവും പുറമെ 8 വർഷം കഠിനതടവും

പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവും പുറമെ 8 വർഷം കഠിനതടവും

പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവും പുറമെ 8 വർഷം കഠിനതടവും

പത്തനംതിട്ട : പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ ജീവപര്യന്തം കഠിനതടവിന് പുറമെ 8 വർഷം കഠിനതടവിനും ശിക്ഷിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണൻ. കടമ്മനിട്ട നാരങ്ങാനം കല്ലേലിമുക്ക് തെക്കും പറമ്പിൽ വീട്ടിൽ സജിൻ(31) ആണ് ശിക്ഷിക്കപ്പെട്ടത്. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് കുറിയിച്ചിട്ട കോളനിയിൽ ശശിയുടെ മകൾ ശാരിക (17) ആണ് ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കൊലപാതകത്തിനു ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചപ്പോൾ, 326( ബി ) പ്രകാരം 7 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കൂടാതെ, ബാലനീതി നിയമത്തിലെ വകുപ്പ് 75 അനുസരിച്ച് ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 3 മാസവും അധികതടവുശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്.
പരസ്പരം ഇഷ്ടത്തിലായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയും. പെട്ടെന്നുണ്ടായ ഏതോ വിരോധത്തിൽ കൊല്ലണമെന്ന് ഉദ്ദേശിച്ച് 2017 ജൂലൈ 14 ന് വൈകിട്ട് 6.30 ന് പെൺകുട്ടിയുടെ വല്യച്ഛന്റെ വീടിനുമുറ്റത്ത് വച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. പെൺകുട്ടിയെ തടഞ്ഞുനിർത്തി യുവാവ് കയ്യിൽ കുപ്പിയിൽ കരുതിയ പെട്രോൾ തലയിൽ ഒഴിക്കുകയും, തുടർന്ന് വീടിന്റെ മുന്നിൽ വാതിലിൽ കത്തിച്ചുവച്ച മെഴുകുതിരി തലയിലേക്ക് എടുത്തിട്ട് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുരുതരമായ പൊള്ളലേറ്റ കുട്ടിയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയെങ്കിലും 22 ന് മരണപ്പെട്ടു. ആൺ സുഹൃത്തായ പ്രതിക്കെതിരെ കുട്ടിയുടെ മരണമൊഴിയും, ഇയാളുടെ ദേഹത്ത് ഉണ്ടായ പൊള്ളലുകളും കേസിന്റെ വിചാരണയിൽ പ്രധാന തെളിവുകളായി. കേസിലെ ദൃക്സാക്ഷിയായിരുന്ന വല്യച്ഛൻ വിചാരണ തുടങ്ങും മുമ്പ് മരണപ്പെട്ടു. പ്രതി സംഭവസ്ഥലത്തുനിന്നും ഓടിപ്പോകുന്നത് കണ്ട സാക്ഷികളുടെ മൊഴികളും നിർണായകമായി. അന്നത്തെ ആറന്മുള എസ് ഐ കെ അജിത് കുമാറാണ് വധശ്രമത്തിന് പിറ്റേന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ആക്രമണത്തിനിടെ പെട്രോൾ ദേഹത്തുവീണു യുവാവിനും നെഞ്ചത്തും പുറത്തും പൊള്ളൽ ഏറ്റിരുന്നു. പൊള്ളലുകളുമായി ഇയാൾ രണ്ട് ദിവസം സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്നു, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു.
പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുകയായിരുന്നു പെൺകുട്ടി. യുവാവിന്റെ ആക്രമണം ഉണ്ടാവുന്നതിന് കുറച്ചുനാൾ മുമ്പ് വരെ പരസ്പരം ഇവർ ഇഷ്ടത്തിലായിരുന്നുവെന്ന് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. സംഭവദിവസം വൈകിട്ട് 5 കഴിഞ്ഞ് വീടിന് സമീപത്തെ കടയിൽ അരി വാങ്ങാൻ പോയി, സാധനങ്ങൾ വീട്ടിൽ വച്ചശേഷം തൊട്ടടുത്തുള്ള വല്യച്ഛന്റെ വീട്ടിലേക്ക് പോയി. പ്രതി സജിൻ പിന്നാലെ വീട്ടുമുറ്റത്ത് കയറി വന്നു. ഈസമയം ശാരികയ്ക്ക് ഒരു ഫോൺ വന്നതായും സംസാരിച്ച ശേഷം, സ്വന്തം വീട്ടിലേക്ക് പോകാൻ മുറ്റത്തേക്ക് ഇറങ്ങിയതായും, ഇയാൾ തടഞ്ഞുനിർത്തിയതായും പറഞ്ഞു. യുവാവ്, വല്യച്ഛനോട് എന്തോ പറഞ്ഞശേഷം കയ്യിലിരുന്ന പെട്രോൾ നിറച്ച കുപ്പി കുട്ടിയുടെ തലയിലേക്ക് കമഴ്ത്തുകയായിരുന്നു. തുടർന്ന് ഇയാൾ സ്വന്തം ശരീരത്തിലും ഒഴിച്ചു. പിന്നീട് വീടിന്റെ വാതിലിരുന്ന മെഴുകുതിരി ശാരികയുടെ തലയിലിട്ടു.
ഉറക്കെയുള്ള നിലവിളി കേട്ട് അച്ഛൻ ഓടിവന്ന് പിടിച്ചുനിർത്തുകയും, തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തതായും മറ്റും കുട്ടിയുടെ മൊഴിയിൽ പറഞ്ഞിരുന്നു. അന്ന് കോഴഞ്ചേരി സിഐ ആയിരുന്നതും ഇപ്പോൾ നർകോട്ടിക് സെൽ ഡി വൈ എസ് പി യുമായ ബി അനിൽ കേസിന്റെ വകുപ്പ് കൊലപാതകമാക്കി മാറ്റി അന്വേഷണം നടത്തുകയും, പ്രതിയെ അറസ്റ്റ് ചെയ്യുകയും മറ്റ് നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി ആദ്യ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പിന്നീട് ആറന്മുള പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സി കെ മനോജ് തുടരന്വേഷണം നടത്തി അനുപൂരകകുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഹരിശങ്കർ പ്രസാദ് കോടതിയിൽ ഹാജരായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments