കോട്ടയം : ഒമാനിലെ സലാലയിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പാമ്പാടി കോത്തല പുതുപറമ്പിൽ ദിനുരാജിന്റെ (ഓപ്പറേഷൻസ് ഹെഡ്, ട്രിഡന്റ് ലിമിറ്റഡ്,പഞ്ചാബ്) ഭാര്യ ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്.
കഴിഞ്ഞ 13 ന് സലാലയിലെ ദോഫാർ ഗവർണറേറ്റിൽ മസ്യൂനയിലെ താമസസ്ഥലത്ത് നിന്ന് മാലിന്യം കളയുന്നതിനായി പോകുന്നതിനിടെ കാൽതെറ്റി മാൻഹോളിലേക്ക് വീഴുകയായിരുന്നു. മസ്യൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു. മസ്യൂനയിൽ ആരോഗ്യമന്ത്രാലയത്തിൽ പത്തുമാസം മുൻപാണ് നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്.
വിവരമറിഞ്ഞ് ഭർത്താവ് ദിനുരാജ്, ലക്ഷ്മിയുടെ സഹോദരൻ അനൂപ്, ദിനുരാജിന്റെ സഹോദരി ദിവ്യ, ഭർത്താവ് രാകേഷ് എന്നിവർ എത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. മകൾ : നിള. പാമ്പാടി കമലാലയത്തിൽ വിജയകുമാറിന്റെയും ഓമനയുടെയും മകളാണ് ലക്ഷ്മി.
സലാലയിൽ മാൻഹോളിൽ വീണ മലയാളി നഴ്സ് മരിച്ചു
RELATED ARTICLES



