Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news34–ാമത് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

34–ാമത് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : വിഖ്യാത ചലച്ചിത്രകാരന്‍ പത്മരാജന്റെ എണ്‍പതാം ജന്മദിനത്തില്‍ പത്മരാജന്‍ ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ചേര്‍ന്ന് 34–ാമത് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 – ലെ മികച്ച നോവല്‍, കഥ, തിരക്കഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്റ്റ് എന്നിവയ്ക്കാണ് പുരസ്‌കാരങ്ങള്‍.

പ്രണയ ബന്ധത്തിൽ
‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിനാണ് മികച്ച ചലച്ചിത്രത്തിനും തിരക്കഥക്കുമുളള പുരസ്‌കാരം. ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’വാണ് മികച്ച നോവല്‍. പി.എസ്. റഫീഖിന്റെ ‘ഇടമലയിലെ യാക്കൂബ്’ മികച്ച ചെറുകഥ. ഇവരുവര്‍ക്കും ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും ലഭിക്കും.

യുവ സാഹിത്യ പ്രതിഭയുടെ ആദ്യ കൃതിക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന ടെയില്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് ‘വൈറസ്’ എന്ന നോവല്‍ രചിച്ച ഐശ്വര്യ കമല അര്‍ഹയായി. ബോയിങ് വിമാനത്തിന്റെ വാലറ്റത്തിന്റെ മാതൃകയില്‍ പളുങ്കില്‍ തീര്‍ത്ത അവാര്‍ഡ് ശില്‍പവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുന്ന സ്ഥലങ്ങളില്‍ നിന്നും പുരസ്‌കാര ജേതാവ് തിരഞ്ഞെടുക്കുന്ന ഏത് സ്ഥലത്തേക്കും തിരിച്ചുമുള്ള സൗജന്യ വിമാന ടിക്കറ്റുമാണ് അവാര്‍ഡ്.

ഉണ്ണി ആര്‍ അധ്യക്ഷനും ജി.ആര്‍. ഇന്ദുഗോപന്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് സാഹിത്യ പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ് കുമാറിന്റെ അധ്യക്ഷതയില്‍ ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണനും ക്യാമറാമാന്‍ എസ്. കുമാറുമടങ്ങുന്ന ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.


മേയ് 30ന് വൈകിട്ട് 5.30ന് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് പുരസ്‌കാര വിതരണം. നടന്‍ മോഹന്‍ലാല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. പത്മരാജന്റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പത്മരാജന്‍ ചിത്രങ്ങളില്‍ സഹകരിച്ച സാങ്കേതിക വിദഗ്ധരെ ആദരിക്കും. പത്മരാജന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ വയലിന്‍ സോളോയും ഫെമിനിച്ചി ഫാത്തിമയുടെ പ്രദര്‍ശനവും നടക്കും.

പത്രസമ്മേളനത്തില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ. ചന്ദ്രശേഖര്‍, വിധികര്‍ത്താക്കളായ ടി.കെ. രാജീവ് കുമാര്‍, ഉണ്ണി ആര്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി പി.ജി. പ്രഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.  രാജ്യത്തെ 38 സ്ഥലങ്ങളിലേക്കും വിദേശത്തെ 17 സ്ഥലങ്ങളിലേക്കുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിമാന സര്‍വീസുകളുള്ളത്. ആഴ്ചതോറും കൊച്ചിയില്‍ നിന്ന് 145-ഉം കോഴിക്കോട് നിന്ന് 100-ഉം തിരുവനന്തപുരത്ത് നിന്ന് 70-ഉം കണ്ണൂരില്‍ നിന്ന് 65-ഉം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകളുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments