ന്യൂഡല്‍ഹി : ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയസമ്മത പ്രകാരമാണ് വെടിനിർത്തലിലേക്ക് എത്തിച്ചേർന്നതെന്നും ഡല്‍ഹിയിൽ ചേർന്ന എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേരാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ഇന്ത്യയെ ഇങ്ങോട്ടു സമീപിക്കുകയായിരുന്നുവെന്നും മോദി വ്യക്തമാക്കി. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നതിനു പിന്നാലെ അതിനു വഴിവച്ചത് തന്റെ ഇടപെടലാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.



