മലപ്പുറം: നിലമ്പൂരില്‍ പി വി അൻവറിന്റെ ഭീഷണി തള്ളി യുഡിഎഫ്. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പിൽ സഹകരിക്കുന്ന കാര്യത്തില്‍ അൻവറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന് കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃയോഗത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.
പി വി അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ ഒരു ഭീഷണിക്കും വഴങ്ങേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തി മാത്രം തീരുമാനമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം, യുഡിഎഫ് പ്രവേശനം വൈകിപ്പിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് പി വി അൻവർ. സതീശന്റെ പ്രതികരണം കേട്ടില്ലെന്നാണ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ ദേശീയ നേതൃത്വവുമായി അൻവർ ബന്ധപ്പെട്ടു. തൃണമൂലിനായി തന്ത്രം മെനയുന്ന ഐ പാക് ടീം അംഗം അൻവറിന്റെ വീട്ടിലെത്തി എന്നാണ് വിവരം. സാഹചര്യം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്ന് ഐ പാക് പ്രതിനിധി അറിയിച്ചു.



