ന്യൂഡൽഹി ∙ യുഎസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ വീസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത് രാജ്യത്തെ വിദ്യാർഥിസമൂഹം ഏറെ ആശങ്കയോടെയാണു കാണുന്നത്. വീസ അപേക്ഷയുടെ ഘട്ടത്തിൽ വിദേശിവിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടൽ ഉൾപ്പെടെയുള്ളവ പരിശോധിക്കാനും ഇതിന്റെ കൂടി അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുമുള്ള നടപടികൾ സ്വീകരിക്കുകയാണു യുഎസ് ഭരണകൂടമെന്നാണു വിവരം.
2019 മുതലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുമെന്നാണു സൂചന. വീസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവച്ചതും സമൂഹമാധ്യമ പരിശോധന കർശനമാക്കുന്നതും വിദ്യാർഥികളെ പല തരത്തിൽ ബാധിക്കും. വരുന്ന അക്കാദമിക് സെഷനുകളിൽ പഠനം ആരംഭിക്കാൻ പദ്ധതിയിടുന്നവർക്കു വീസ നടപടികളിൽ കാലതാമസം വന്നേക്കാം. സ്റ്റുഡന്റ് വീസ ലഭിക്കാൻ വിദ്യാർഥികൾ അവരുടെ മാതൃരാജ്യത്തെ യുഎസ് എംബസിയിൽ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുണ്ട്.
നിലവിൽ ഷെഡ്യൂൾ ചെയ്ത അഭിമുഖങ്ങൾ മുൻനിശ്ചയിച്ച പ്രചാരം നടക്കുമെങ്കിലും കൂടുതൽ അറിയിപ്പുണ്ടാകുന്നതു വരെ പുതിയ അഭിമുഖങ്ങളില്ല. വിദേശ വിദ്യാർഥികൾക്കുള്ള വീസയിൽ ട്രംപ് സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാകും. കഴിഞ്ഞ വർഷം 2 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികൾ വിവിധ യുഎസ് സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിനു പ്രവേശനം േനടിയെന്നാണു കണക്കുകൾ. 2023–24 ൽ 2.68 ലക്ഷം സ്റ്റുഡന്റ് വീസ അനുവദിച്ചെന്നാണു കണക്ക്.
വീസ അപേക്ഷകളിൽ പരിശോധന കർശനമാക്കാൻ മാർച്ച് 25 നു തന്നെ യുഎസ് നിർദേശം നൽകിയിരുന്നു. വിദ്യാർഥികൾക്കുള്ള എഫ് (അക്കാദമിക് സ്റ്റുഡന്റ്), എം (വൊക്കേഷനൽ സ്റ്റുഡന്റ്), ജെ (എക്സ്ചേഞ്ച് വിസിറ്റർ) എന്നീ വീസകൾക്കെല്ലാം നിയന്ത്രണം ബാധകമാകും.
വിദ്യാർഥികൾ ഏതൊക്കെ സംഘടനകളെ പിന്തുണയ്ക്കുന്നു, ഭീകരസംഘടനകളോടുള്ള ആഭിമുഖ്യം, യുഎസിനോടുള്ള നിലപാട് എന്നിവയെല്ലാം പരിശോധിക്കാനാണു കോൺസുലർ ഓഫിസർമാർക്കു നൽകിയിരിക്കുന്ന നിർദേശം. സംശയാസ്പദമായ എതെങ്കിലും ഉള്ളടക്കങ്ങൾ കണ്ടാൽ ചിത്രം പകർത്തി വിശദമായ പരിശോധന നടത്തണമെന്നു നിർദേശിക്കുന്ന മാർഗരേഖ ‘ഗാർഡിയൻ’ പത്രം നേരത്തെ പുറത്തുവിട്ടിരുന്നു.
∙ വിദ്യാർഥി ഇടപെടലുകൾ നിരീക്ഷിച്ച് യുഎസ്
പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ യുഎസിലെ വിദേശി വിദ്യാർഥികൾക്കു നേരെ സ്വീകരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ഇടപെടലുകൾ എന്നാണു വിലയിരുത്തൽ. ഹാർവഡ് വാഴ്സിറ്റിയിൽ വിദേശി വിദ്യാർഥികളെ ചേർക്കാനുള്ള അനുമതി ട്രംപ് ഭരണകൂടം എടുത്തു കളഞ്ഞിരുന്നെങ്കിലും ഇതു കോടതി സ്റ്റേ ചെയ്തിരുന്നു.
ഹമാസ് അനുകൂലിയെന്നാരോപിച്ച് വീസ റദ്ദാക്കിയതിനെത്തുടർന്ന് കൊളംബിയ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥി രഞ്ജിനി ശ്രീനിവാസൻ സ്വയം യുഎസ് വിട്ടത് മാർച്ചിലാണ്. ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ അൽവലീദ് ബിൻ തലാൽ സെന്ററിലെ പോസ്റ്റ്ഡോക്ടറൽ ഫെലോ ബദർ ഖാൻ സൂരിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അനധികൃത കുടിയേറ്റം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും വീസ നിയന്ത്രണങ്ങൾക്കു പിന്നിലുണ്ട്.



