Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് മാവേലിക്കര ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷന്‍, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്...

ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് മാവേലിക്കര ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷന്‍, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് വിരമിച്ചു

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍പോളി കാര്‍പ്പസിനെ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ നിയമിച്ചു. നിലവിലെ മെത്രാപ്പോലീത്ത ബിഷപ്പ് ജോഷ്വാ മാര്‍ഇഗ്നാത്തിയോസ് 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി മാര്‍ ക്ലീമീസ് ബാവ സ്വീകരിച്ചു. പുതിയ മെത്രാപ്പോലീത്ത ചുമതലയേല്‍ക്കുന്നതുവരെ മാര്‍ ഇഗ്നാത്തിയോസിനെ ഭദ്രാസന അഡ്മിനിസ്‌ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി. പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍ നിയമമനുസരിച്ചാണ് ഈ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. ഇത് സംബന്ധിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസിന്റെ തീരുമാനം മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് പ്രഖ്യാപിച്ചത്. 30 ന് വെള്ളിയാഴ്ച വൈകിട്ട് സഭാകേന്ദ്രമായ തിരുവനന്തപുരം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തിലാണ് പ്രഖ്യാപനം നടന്നത്.

മാവേലിക്കര ഭദ്രാസനത്തിലെ കൊല്ലം, പുത്തൂര്‍ ഇടവകയില്‍ 1955 നവംബര്‍ 10 ാം തീയതി മനക്കരകാവില്‍ കെ. ഗീവര്‍ഗ്ഗീസിന്റെയും കുഞ്ഞമ്മയുടെയും മകനായി ജനിച്ച നിയുക്ത മെത്രാന്‍ സ്‌കൂള്‍ പഠനത്തിന് ശേഷം വൈദിക പരിശീലനത്തിനായി തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയിലും തുടര്‍ന്ന് കോട്ടയം, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും ചേര്‍ന്നു. വൈദിക പരിശീലനത്തിന് ശേഷം 1983 ഡിസംബര്‍ 18 ന് ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ചെന്നൈ ലയോള കോളേജില്‍ നിന്നും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പാരീസിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫ്രഞ്ച് സാഹിത്യത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടി. തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ഫ്രഞ്ച് സാഹിത്യത്തില്‍ അധ്യാപകനായി ചേര്‍ന്നു. ദീര്‍ഘകാലം കോളേജില്‍ അധ്യാപകന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, ബര്‍സാര്‍ എന്നീ ചുമതലകള്‍ വഹിച്ചു. അഞ്ച് വര്‍ഷക്കാലം മാര്‍ ഇവാനിയോസ് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. തിരുനെല്‍വേലി എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫ്രഞ്ച് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. യുജിസി നാക് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തില്‍ മുഖ്യവികാരി ജനറല്‍, ജീവകാരുണ്യ ശുശ്രൂഷകളുടെ കോ ഓര്‍ഡിനേറ്റര്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍, എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സഭയുടെ വിദ്യാഭ്യാസം, കുടുംബം എന്നീ സുനഹദോസ് കമ്മീഷനുകളില്‍ അംഗമാണ്. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള സുനഹദോസ് കമ്മീഷന്റെ ചെയര്‍മാനാണ്. 2022 ജൂലൈ 15 ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി.

തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം വിഭജിച്ച് 2007 ജനുവരി 2 നാണ് മാവേലിക്കര ഭദ്രാസനം നിലവില്‍ വന്നത്. ഭദ്രാസനത്തിന്റെ പ്രഥമ ഇടയനായി തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാനായിരുന്ന ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ചുമതലയേറ്റു. 96 ഇടവകകളുള്ള ഭദ്രാസനത്തില്‍ 18 വര്‍ഷക്കാലത്തെ ഇടയ ശുശ്രൂഷ നല്‍കിയിട്ടാണ് ബിഷപ്പ് മാര്‍ ഇഗ്നാത്തിയോസ് വിരമിക്കുന്നത്. മാവേലിക്കര അമലഗിരി ബിഷപ്പ് ഹൗസ്, പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രല്‍, കല്ലുമല മാര്‍ ഇവാനിയോസ് മൈനര്‍ സെമിനാരി, പുന്നമൂട് ഭദ്രാസന പാസ്റ്ററല്‍ സെന്റര്‍, കായംകുളം ചേതന സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മാവേലിക്കര ഭദ്രാസന പ്രീസ്റ്റ് ഹോം, മാവേലിക്കര മാര്‍ ഇവാനിയോസ് കോളേജ്, പുലിയൂര്‍ മാര്‍ ഇവാനിയോസ് ലോ കോളേജ്, ചേപ്പാട് ക്രൈസ്റ്റ്‌സ് കിംഗ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവയുടെ സ്ഥാപനത്തിനും നേതൃത്വം നല്‍യിട്ടുണ്ട്. കെസിബിസി പ്രസിഡന്റ്, സിബിസിഐ വൈസ് പ്രസിഡന്റ്, കെസിബിസി, സിബിസിഐ വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍, നിലയ്ക്കല്‍ എക്യൂമെനിക്കല്‍ ട്രസ്റ്റ്, കേരളാ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എന്നിവയുടെ നേതൃനിരയില്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments