ദുബൈ: ദുബൈയിലെ റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം പാരമ്യത്തിലെന്ന് റേറ്റിങ് ഏജൻസിയായ ഫിച്ച്. വരുംനാളുകളിൽ വിലയിൽ ഇടിവു പ്രതീക്ഷിക്കാമെന്നും അന്താരാഷ്ട്ര ഏജൻസി വ്യക്തമാക്കി. കോവിഡിന് ശേഷമുള്ള കുതിച്ചു ചാട്ടത്തിന് ശേഷമാണ് വിപണി താഴേക്കു പോകുക.
അപാർട്‌മെന്റുകൾ, വില്ലകൾ അടക്കമുള്ള താമസ വിപണിയിൽ ചുരുങ്ങിയത് 15 ശതമാനത്തിന്റെ വിലയിടിവ് പ്രതീക്ഷിക്കാമെന്നാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഫിച്ച് റേറ്റിങ്‌സ് പറയുന്നത്.
തുടർച്ചയായ വർഷങ്ങളിൽ രേഖപ്പെടുത്തിയ കുതിപ്പിന് ശേഷമാണ് വിപണിയിൽ ചാഞ്ചാട്ടമുണ്ടാകുന്നത്. നിലവിൽ ബുക്കു ചെയ്ത പ്രോജക്ടുകളുടെ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യങ്ങളിൽ കുറവുണ്ടാകുമെന്നാണ് ഫിച്ചിന്റെ നിഗമനം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ എമിറേറ്റിലെ താമസ പ്രോജക്ടുകളിൽ 16 ശതമാനത്തിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കി.



