മലപ്പുറം: നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ. തന്റെ ജീവൻ നിലമ്പൂരുകാർക്ക് സമർപ്പിക്കുകയാണ്. താനല്ല സ്ഥാനാർത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അൻവർ പറഞ്ഞു. നാളെ നാമമനിർദേശ പത്രിക സമർപ്പിക്കും. അതേസമയം ചിഹ്നം സംബന്ധിച്ചുള്ള ചർച്ചയിൽ അന്തിമ തീരുമാനം ആയിട്ടില്ല.
തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അൻവർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ‘പണം വന്നുകൊണ്ടേയിരിക്കുന്നുണ്ട്. പ്രചാരണം ഏറ്റെടുത്തവർ നിരവധിയാണ്. വീടിന്റെ ആധാരം വരെ കൊണ്ടുവന്നവരുണ്ട്. വി ഡി സതീശന്റെ കാലുനക്കി മുന്നോട്ട് പോകാൻ ഞാനില്ല. പോരാടി മരിക്കാൻ തയ്യാറാണ്. യുഡിഎഫ് ജയിച്ചാലും ഞാൻ പിടിക്കുന്ന വോട്ടുകളാവും പിണറായിസത്തിനെതിരായ വോട്ടുകൾ’, എന്നും പി വി അൻവർ പറഞ്ഞു.
മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിക്കില്ലെന്നും പി വി അൻവർ പറഞ്ഞു. ‘ഷൗക്കത്തിനെ വെച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജയിക്കില്ലെന്നും യുഡിഎഫിനെ അറിയിച്ചിരുന്നു. അസോഷ്യേറ്റായി നിൽക്കാനും തയ്യാറായിരുന്നു. വിഎസ് ജോയിയായിരുന്നെങ്കിൽ 30,000 വോട്ടിന് ജയിക്കാമായിരുന്നു. പിണറായിസത്തിനെതിരെ വോട്ട് വാങ്ങി ജയിക്കാനാണ് ഞാൻ രാജിവെച്ചത്. ഇവർക്കാണെങ്കിൽ മുഖ്യമന്ത്രിയായാൽ മതി. 2026 ൽ പിണറായിയെ താഴെയിറക്കാൻ ഈ നേതൃത്വത്തെവെച്ച് സാധിക്കില്ലെന്നും പറഞ്ഞതാണ്. മുഴുവൻ അപമാനവും സഹിച്ചാണ് നിന്നത്’, എന്നും പി വി അൻവർ പറഞ്ഞു.



