ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അതിതീവ്ര മഴ സാരമായി ബാധിച്ചപ്പോൾ ഇവിടെയെത്തിയ നിരവധി വിനോദ സഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. അസം, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ സിക്കിമിലെ ലാചുംഗിൽ കുടങ്ങിയ 1678 വിനോദസഞ്ചാരികളെ രക്ഷിച്ചെന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 29 ന് ഉണ്ടായ കനത്ത മഴയെത്തുടർന്നാണ് വിനോദസഞ്ചാരികൾ ലാചുങ്ങിൽ കുടുങ്ങിയത്. ഇപ്പോഴും നിരവധി വിനോദസഞ്ചാരികൾ സിക്കിമിന്റെ പലയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ വൻനാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 33 പേർ മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി അതിതീവ്ര മഴയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പെയ്യുന്നത്. മിന്നൽ പ്രളയവും മണ്ണിടിച്ചിലും കാരണം 33 പേർക്കാണ് ജീവൻ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധിപേരെ കാണാതായി. അസമിൽ എട്ടും അരുണാചൽപ്രദേശിൽ ഒമ്പതും മിസോറാമിൽ അഞ്ചും മേഘാലയിൽ 6 മരണവും മഴക്കെടുതിയിൽ റിപ്പോർട്ട് ചെയ്തു



