Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകർണാടക ഹൈകോടതിയെ സമീപിച്ച് നടൻ കമൽ ഹാസൻ

കർണാടക ഹൈകോടതിയെ സമീപിച്ച് നടൻ കമൽ ഹാസൻ

ബംഗളൂരു: പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രദർശന അനുമതിക്ക് കർണാടക ഹൈകോടതിയെ സമീപിച്ച് നടൻ കമൽ ഹാസൻ. സിനിമ നിരോധിച്ച കർണാടക ഫിലിം ചേംബർ നടപടി നിയമ വിരുദ്ധമാണന്നാരോപിച്ചാണ് സിനിമയുടെ സഹനിർമ്മാതാക്കളായ കമൽഹാസന്റെ നിർമ്മാണക്കമ്പനി രാജ്കമൽ പ്രൊഡക്ഷൻസ് കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ കന്നട ഭാഷയുടെ ഉത്ഭവം തമിഴിൽ നിന്നാണെന്ന് നടൻ പറഞ്ഞതോടെ കർണാടകയിൽ ഇത് വിവാദമാവുകയായിരുന്നു.
കർണാടക സംസ്ഥാന സർക്കാരിനോടും, പൊലീസ് വകുപ്പിനോടും, ചലച്ചിത്ര വ്യാപാര സംഘടനകളോടും ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് നിർദ്ദേശിക്കണമെന്നാണ് ഹർജിയിൽ കമൽ ഹാസൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദർശനത്തിന് മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പൊലീസ് ഡയറക്ടർ ജനറലിനും സിറ്റി പൊലീസ് കമ്മിഷനറോടും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാദ പരാമർശത്തിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സാണ് (കെ.എഫ്.സി.സി) കർണാടകയിൽ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിനുള്ളിൽ കമൽ ഹാസൻ പരസ്യമായി മാപ്പ് പറയണമെന്നും കെ.എഫ്.സി.സി അന്ത്യശാസനം നൽകിയിരുന്നു.
എന്നാൽ കെ.എഫ്.സി.സിയുടെ ആവശ്യം കമൽ ഹാസൻ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുമെന്നും നിലവിൽ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇതിനുമുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്. ഞാൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കിൽ ഒരിക്കലും പറയില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവുചെയ്ത് അതിൽ ഇടപെടരുത്.’ എന്നാണ് കമൽ ഹാസന്റെ പ്രതികരണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments