നിലമ്പൂർ: രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരചിത്രം തെളിഞ്ഞു. പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജും, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവറും ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജും, ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി പേരൂർ ഹരിനാരായണനും പത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്തും എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയും കഴിഞ്ഞദിവസം പത്രിക സമർപ്പിച്ചിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് രണ്ട് അപരൻമാരുണ്ട്. കൂടാതെ രണ്ട് സ്വതന്ത്ര സ്ഥാനാർഥികളുമുണ്ട്. ഇതോടെ പത്ത് സ്ഥാനാർഥികളായി. ജൂൺ അഞ്ചാണ് പത്രിക പിൻവലിക്കേണ്ട അവസാന തിയതി. അന്തിമചിത്രം അന്നറിയാം. പി.വി. അൻവർ കൂടി മത്സരരംഗത്തേക്ക് കടന്നതോടെ ഫലം പ്രവചനാതീതമാകും. വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചും മതനേതാക്കളെയും പുരോഹിതരെയും കണ്ട് വോട്ടഭ്യർഥിച്ചും സ്ഥാനാർഥികൾ കളം നിറഞ്ഞ് നിൽക്കുകയാണ്.



