ചണ്ഡീഗഢ്: രാജ്യത്തെമ്പാടുമുള്ള കോണ്‍ഗ്രസ് സംഘടന സംവിധാനത്തെ ശാക്തീകരിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഇന്ന് ഹരിയാനയിലെത്തി. ചണ്ഡീഗഢില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും എഐസിസി, പിസിസി നിരീക്ഷകരുമായും രാഹുല്‍ ഗാന്ധി സംസാരിച്ചു. ഗുജറാത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ശാക്തീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചത്.
കഴിഞ്ഞ ഒരു ദശകത്തിലേറെയായി സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. 11 വര്‍ഷത്തിലേറെയായി ജില്ലാ തല സംഘടന പുനഃസംഘടനയും സംസ്ഥാനത്ത് നടന്നിട്ടില്ല. ഈ രണ്ട് കാര്യങ്ങളെയും മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനം. രണ്ടര ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുലെത്തിയത്.
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉദയ് ബന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ ബിരേന്ദര്‍ സിംഗ്, അശോക് തന്‍വര്‍, എഐസിസി ജനറല്‍ സെക്രട്ടറി കുമാരി ഷെല്‍ജ, മുതിര്‍ന്ന നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, അജയ് സിംഗ് യാദവ്, ദീപേന്ദര്‍ സിംഗ് ഹൂഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പൂര്‍ണ്ണമായുള്ള സംഘടന പുനഃസംഘടന കഴിഞ്ഞാല്‍ സംസ്ഥാനത്തെ പാര്‍ട്ടി ശക്തിപ്പെടുമെന്ന് ബിരേന്ദര്‍ സിംഗ് പറഞ്ഞു. പാര്‍ട്ടിയിലെ തമ്മിലടിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണ് എന്നായിരുന്നു ബിരേന്ദര്‍ സിംഗിന്റെ മറുപടി.
ഊര്‍ജ്ജസ്വലമായ സംഘടന സംവിധാനം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്ന് യോഗത്തില്‍ പങ്കെടുത്ത അമിത് സിഹാഗ് പറഞ്ഞു. ഇതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ എല്ലാ നേതാക്കളെയും കാണുകയും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്‌തെന്ന് അമിത് സിഹാഗ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിന് വേണ്ടി പാര്‍ട്ടി നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിക്കുക.
മധ്യപ്രദേശിലെത്തിയിരുന്നു.’ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍’ പ്രചരണത്തിന്റെ ഭാഗമായി വിവിധ ചുമതലകള്‍ വഹിക്കുന്നവരുടെ യോഗത്തെ രാഹുല്‍ അഭിസംബോധന ചെയ്തു. പചരണ ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാഹുല്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പങ്കുവെച്ചു.
നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു പട്വാരിയും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജിതു പട്വാരി, കമല്‍നാഥ്, മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്, പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



