ഡൽഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഒറ്റ ഫോൺ കോളിൽ പ്രധാനമന്ത്രി ഭയപ്പെട്ടുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. ജനാധിപത്യത്തിൽ വിമർശനങ്ങളും അഭിപ്രായപ്രകടനങ്ങളും സാധാരണമാണ്. രാജ്യത്തിന്‍റെ പ്രതിനിധികളായാണ് തങ്ങൾ എത്തിയതെന്നും രാഷ്ട്രീയ ദൗത്യത്തിനല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാക് സംഘർഷത്തിൽ ഒരു ഘട്ടത്തിലും മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നതിനിടെയിലാണ് തരൂരിന്‍റെ പ്രതികരണം. സംഘത്തെ നയിക്കുന്നത് കോൺഗ്രസ് എംപിയായ ശശി തരൂരാണ്. ”ഇന്ത്യയോട് ആരും നിര്‍ത്താൻ പറയേണ്ട ആവശ്യമില്ല. കാരണം പാകിസ്താൻ നിര്‍ത്തുന്ന നിമിഷം തന്നെ വെടിനിര്‍ത്തലിന് ഞങ്ങൾ തയ്യാറായിരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനത്തിന് അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്‍റെ അവകാശവാദങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി പരാമർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പാകിസ്താനിൽ നിന്ന് ഏതെങ്കിലും ഭീകരാക്രമണങ്ങൾ ഉണ്ടായാൽ ഇന്ത്യ ഭാവിയിലും പ്രതികരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.



