വാഷിംഗ്ടൺ: റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നിലെ ശക്തമായി പ്രതികരിക്കാൻ റഷ്യ ഒരുങ്ങുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ഒന്നര മണിക്കൂറാണ് ഇരു നേതാക്കളും സംസാരിച്ചത്. റഷ്യക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം എന്നിവയായിരുന്നു ചർച്ചാവിഷയം. ഈ ചർച്ചയിലാണ് പുടിൻ ട്രംപിനോട് യുക്രെയ്‌ന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചത്.
ജൂൺ ഒന്നിനാണ് റഷ്യയെയും പുടിനെയും ഞെട്ടിച്ചുകൊണ്ട് യുക്രെയ്ൻ റഷ്യൻ വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സ്‌പൈഡേഴ്‌സ് വെബ്ബിന്‌റെ ഭാഗമായി റഷ്യയുടെ 40 യുദ്ധവിമാനങ്ങൾ തകർത്തതായാണ് യുക്രെയ്ൻ അവകാശപ്പെട്ടത്. മുർമാൻസ്‌ക്, ഇർകുട്‌സ്‌ക്, ഇവാനോവോ, റിയാസാൻ, അമുർ എന്നീ മേഖലകളിലെ സൈനിക വ്യോമതാവളങ്ങൾക്കു നേരെ യുക്രെയ്ൻ വ്യോമാക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
മർമാൻസ്‌കിലും ഇർകുട്‌സ്‌കിലുമൊഴികെ മറ്റ് വ്യോമതാവളങ്ങളിലെ വ്യോമാക്രമണം റഷ്യ പ്രതിരോധിച്ചെന്നും ഡ്രോൺ ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ട്രക്ക് ഡ്രൈവറെ ചോദ്യംചെയ്യുമെന്നും റഷ്യ അറിയിച്ചിരുന്നു.



