ന്യൂഡൽഹി : യുഎസിലേക്ക് എത്തുന്ന സ്റ്റീലിനും അലുമിനിയത്തിനും തീരുവ ഇരട്ടിയാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി പ്രാബല്യത്തിലായി. 25ൽ നിന്ന് 50 ശതമാനമായാണു തീരുവ ഉയർന്നത്. യുഎസുമായി ഇടക്കാല വ്യാപാരക്കരാറിൽ ഏർപ്പെട്ട ബ്രിട്ടന് മാത്രം അവസാനനിമിഷം ഇളവു നൽകി. അധിക തീരുവ ബ്രിട്ടന് ബാധകമാകില്ല.
കരാറിലെ വ്യവസ്ഥകൾ ബ്രിട്ടൻ പാലിച്ചില്ലെങ്കിൽ ജൂലൈ 9നു ശേഷം ഇരട്ടിത്തീരുവ ബ്രിട്ടനും ബാധകമാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏതാനും ആഴ്ചകൾക്കുള്ള ബ്രിട്ടിഷ് സ്റ്റീലിനുള്ള തീരുവ പൂജ്യമാക്കാൻ കഴിയുമെന്നാണ് ആത്മവിശ്വാസമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ ഇന്നലെ പറഞ്ഞത്.
ഇന്ത്യ ഇതുവരെ പരസ്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവിലുണ്ടായിരുന്ന 25% തീരുവയ്ക്കെതിരെ ‘പകരം തീരുവ’ ചുമത്തുമെന്ന് ഇന്ത്യ കഴിഞ്ഞ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. തിരിച്ചടിയെന്ന നിലയിൽ ഇന്ത്യയിലേക്കു വരുന്ന തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഉൽപന്നങ്ങൾക്കു മേൽ തീരുവ ഏർപ്പെടുത്തി തത്തുല്യമായ തുക ശേഖരിക്കാനായിരുന്നു ഇന്ത്യയുടെ നീക്കം. 30 ദിവസത്തിനകം പകരം തീരുവ നിലവിൽ വരുമെന്ന് മേയ് ആദ്യവാരം ഇന്ത്യ ലോക വ്യാപാര സംഘടനയെ അറിയിക്കുകയും ചെയ്തിരുന്നു.



