ന്യൂഡൽഹി: വാഹന, മൊബൈൽ വിൽപന മേഖലയിലെ ഇടിവും പണപ്പെരുപ്പവും ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാമ്പത്തിക സമ്മർദത്തിന്റെ യാഥാർഥ്യത്തിലകപ്പെട്ട് സാധാരണക്കാരായ എല്ലാ ഇന്ത്യക്കാരും പ്രയാസത്തിലാണെന്ന് രാഹുൽ എക്സിൽ കുറിച്ചു.
ഒരു വർഷത്തിനിടെ ഇരുചക്ര വാഹനങ്ങളുടെ വിൽപന 17 ശതമാനവും കാറുകളുടെ വിൽപന 8.6 ശതമാനവുമാണ് കുറഞ്ഞത്. മൊബൈൽ ഫോൺ മേഖലയിൽ ഏഴു ശതമാനത്തോളം ഇടിവുണ്ടായി.
മറുവശത്ത് വീട്ടുവാടകയും ആഭ്യന്തര പണപ്പെരുപ്പവും വിദ്യാഭ്യാസവുമടക്കം എല്ലാത്തിന്റെയും ചെലവ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ വെറും കണക്കുകളല്ല, ഓരോ സാധാരണ ഇന്ത്യക്കാരനും അനുഭവിക്കുന്ന സാമ്പത്തിക സമ്മർദത്തിന്റെ യാഥാർഥ്യമാണ്. രാഹുൽ കുറിച്ചു.



