തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗത്തില്‍ അനുശേചനം അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. തെന്നല ബാലകൃഷ്ണ പിള്ള പ്രഗല്‍ഭനായ നേതാവാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെന്നലയുടെ വിയോഗം പാര്‍ട്ടിക്ക് തീരാനഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ സൗമ്യ നേതൃത്വമാണ് തെന്നല ബാലകൃഷ്ണപ്പിള്ള. അദ്ദേഹം ശാന്തതയുടെയും നന്മയുടെയും പ്രതീകമാണ്. അദ്ദേഹത്തിന്റെ സേവനം എന്നും കോണ്‍ഗ്രസ് നന്ദിയോടെ ഓര്‍മിക്കുമെന്നും അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗം കോണ്‍ഗ്രസിന്റെ വലിയ നഷ്ടമാണെന്ന് മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. കൊല്ലം ഡിസിസിയിലെ ട്രഷറര്‍ ആയിട്ടാണ് തുടക്കം. കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവാണ് അദ്ദേഹമെന്നും അധികാര സ്ഥാനത്തേക്കാള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച നേതാവാണെന്നും ഹസ്സന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെ സമന്വയത്തിലൂടെ പരിഹരിച്ച നേതാവാണ് തെന്നല. ഒരുപക്ഷത്തെയും പിന്തുണയ്ക്കാതെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. എ കെ ആന്റണിയുടെയും കെ കരുണാകരന്റെയും സ്‌നേഹം ഒരേസമയം നേടിയെടുക്കാന്‍ കഴിഞ്ഞ നേതാവാണ് തെന്നലയെന്നും എം എം ഹസന്‍ പറഞ്ഞു.



