Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരള ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

കേരള ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

ന്യൂഡൽഹി: കേരള ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ. ​ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാണ് പരാതിയിൽ സിപിഐ ആവശ്യപ്പെടുന്നത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ​ഗവ‍ർണറുടെ ഭാ​ഗത്ത് നിന്നും ഉണ്ടായതെന്നും സിപിഐയുടെ രാജ്യസഭാ എംപി സന്തോഷ് കുമാർ പി രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നൽകുന്നതെന്ന് സന്തോഷ് കുമാർ എം പി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട കേരള ഗവർണറുടെ പെരുമാറ്റം പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി കൂടിയാലോചിക്കാതെ ഭാരത് മാതായുടെ ഒരു പ്രത്യേക പതിപ്പ് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദിനെ പരിപാടി ബഹിഷ്കരിക്കാൻ നിർബന്ധിതനാക്കി. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആവർത്തിച്ച് രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുകയും, രാജ്ഭവനുകളെ ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റുകയും, ഭരണഘടനാ മാനദണ്ഡങ്ങൾ, ഫെഡറൽ തത്വങ്ങൾ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ തീരുമാനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിക്ക് നാം സാക്ഷ്യം വഹിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും ​ഗവർണർ പദവിയ്ക്ക് നൽകിയിരിക്കുന്ന ഭരണഘടനാ പരിധികളുടെ കടുത്ത ലംഘനത്തിന് തുല്യവുമാണെന്ന് പരാതി ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങൾക്കായി ദേശീയ ചിഹ്നങ്ങൾ ദുരുപയോഗം ചെയ്യുന്നതിലൂടെ, 1950-ലെ ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) നിയമത്തെയും, 1971-ലെ ദേശീയ ബഹുമതിയെ അപമാനിക്കൽ തടയൽ നിയമത്തെയും ലംഘിക്കുന്നുവെന്നും പരാതി പറയുന്നു. സ്വദേശി പ്രസ്ഥാനകാലത്ത് അബനീന്ദ്രനാഥ ടാഗോർ കൊളോണിയൽ വിരുദ്ധ പ്രതിരോധത്തിന്റെ ഏകീകൃത ചിഹ്നമായി വിഭാവനം ചെയ്ത ഭാരത് മാതയുടെ ഛായാചിത്രം. സമീപകാലത്ത് വിഭജന രാഷ്ട്രീയത്തിന് കുപ്രസിദ്ധമായ ഒരു സംഘടന ഇതിന് മാറ്റം വരുത്തുകയും ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. വിവാദപരമായ അത്തരം ചിഹ്നങ്ങൾ ഇപ്പോൾ ഔദ്യോഗിക ചടങ്ങുകളിലും പൊതു സ്ഥാപനങ്ങളിലും അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് നമ്മുടെ സമൂഹത്തെ കൂടുതൽ ധ്രുവീകരിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

സഹകരണ ഫെഡറലിസം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വമായിരിക്കേണ്ട ഒരു സമയത്ത് ഗവർണർമാരുടെ ഇത്തരം പ്രകോപനങ്ങൾ പൊതുജനവിശ്വാസം ഇല്ലാതാക്കുകയും അവർ വഹിക്കുന്ന ഓഫീസിന് കളങ്കം വരുത്തുകയും ചെയ്യുന്നുവെന്നും പരാതി ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണത ഗൗരവമായി കാണാനും ഗവർണർമാർ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും പരാതിയിൽ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്നുണ്ട്. കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമായ രീതിയിൽ പരസ്യമായി പ്രവർത്തിച്ചുകൊണ്ട് ഓഫീസിന്റെ അന്തസ്സ് കുറച്ചുകാണിച്ചു. അതിനാൽ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ഭവനുകൾ പ്രത്യയശാസ്ത്ര ശാഖകളല്ലെന്നും നിഷ്പക്ഷവും ഭരണഘടനാപരവുമായ ഇടങ്ങളായി തുടരണമെന്നും പരാതി ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തിൽ രാഷ്ട്രപതിയുടെ അടിന്തര ഇടപെടൽ അനിവാര്യമാണെന്നും പരാതിയിൽ സന്തോഷ് കുമാർ എം പി വ്യക്തമാക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments