അബുദാബി: പൊള്ളുന്ന ചൂടിനിടയിൽ ആശ്വാസമായി യുഎഇയിൽ മഴ. രാജ്യത്ത് വിവിധ ഇടങ്ങളിലാണ് ഇന്ന് മഴ പെയ്തത്. ബലി പെരുന്നാൾ ആഘോഷങ്ങളുടെ തുടക്കത്തിൽ തന്നെ ആശ്വാസ മഴ പെയ്തതിനാൽ പ്രവാസികളും പൗരന്മാരുമടക്കം എല്ലാവരും അത്യധികം സന്തോഷത്തിലാണ്. ഖോർഫക്കാനിൽ പെയ്ത മഴയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വാരാന്ത്യത്തിൽ യുഎഇയിൽ പല ഭാഗങ്ങളിലും മഴ ലഭിക്കാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ 21ഓടെയാണ് ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി പെയ്ത മഴ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് വലിയൊരു ആശ്വാസമാണ് പകരുന്നത്. ഇന്ന് രാവിലെ 16.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ദേശീയ കാലാവസ്ഥ കേന്ദ്രം രേഖപ്പെടുത്തിയത്.



