വാഷിങ്ടൻ : വൈരികളായി മാറിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള വാക് പോര് തുടരുന്നു. മസ്കുമായി ഫോണിലൂടെ സന്ധിസംഭാഷണം നടക്കുമെന്ന വാർത്തകൾ തള്ളിയ ട്രംപ് വട്ട് പിടിച്ച വ്യക്തിയോട് സംസാരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും അറിയിച്ചു. ട്രംപുമായുള്ള പോര് തുടരുന്നതിനിടെ ഇലോൺ മസ്കിന്റെ ബിസിനസുകളിൽ 150 ബില്യൺ ഡോളറിന്റെ ഓഹരി നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് ട്രംപ് – മസ്ക് ഫോൺ സംഭാഷണത്തിന് പദ്ധതിയിട്ടിരുന്നെന്നും പിന്നീടിത് ഉപേക്ഷിച്ചുവെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നത്.
മസ്കുമായി ഫോൺ സംഭാഷണത്തിന് പദ്ധതിയിട്ടിരുന്നോ എന്ന ചോദ്യത്തിന് പരിഹാസ രൂപേണയാണ് ട്രംപ് പ്രതികരിച്ചത്. ‘‘നിങ്ങൾ ഉദ്ദേശിക്കുന്നത് ആ വട്ട് പിടിച്ച മനുഷ്യനെയാണോ?, അദ്ദേഹത്തോട് സംസാരിക്കാൻ എനിക്ക് ഒരു താൽപ്പര്യവുമില്ല. ഇലോൺ മസ്ക് എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു. എന്നാൽ മസ്കുമായി സംസാരിക്കാൻ ഞാൻ തയ്യാറല്ല.’’ – ട്രംപ് പറഞ്ഞു.
അതിനിടെ ഇലോൺ മസ്കിന്റെ കമ്പനികൾക്ക് നൽകിയ സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇത് സ്പേസ് എക്സിനെ നേരിട്ട് ബാധിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി മസ്ക് രംഗത്തെത്തിയിരുന്നു.



