കൊച്ചി: കിറ്റെക്സ് ആന്ധ്രയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി. രാജീവ് നടത്തിയ പ്രതികരണത്തിൽ മറുപടിയുമായി കിറ്റെക്സ് എം.ഡി സാബു ജേക്കബ്. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റെക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ആന്ധ്ര വളരെ മോശമാണെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. അദ്ദേഹത്തിന്‍റെ സ്ഥിരം ശൈലിയാണിത്. സ്വന്തം പോരായ്മയും കഴിവില്ലായ്മയും മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റം പറയും. കിറ്റെക്സ് വളർന്നത് കേരളത്തിന്‍റെ മണ്ണിൽ ആണെന്നും അത് മറക്കരുതെന്നുമാണ് മന്ത്രി പറയുന്നത് കേട്ടാൽ തോന്നും കേരളം ചില ആളുകളുടെ സ്വത്താണെന്ന്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റ അന്ന് മുതൽ ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് ആക്രമിക്കുകയായിരുന്നു. സഹികെട്ടാണ് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനത്തേക്ക് മാറ്റിയത്. കിറ്റെക്സ് കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച അന്ന് കിറ്റെക്സിന്‍റെ ഓഹരി മൂല്യം വർധിച്ചു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് പിടിച്ചു നിന്നത് പിതാവ് എം.സി ജേക്കബിന്‍റെ ചില ലക്ഷ്യങ്ങൾ കൂടി മുൻ നിർത്തിയാണ്.
വിദേശ നിക്ഷേപത്തിൽ കേരളം ഒന്നാമതാണെന്ന് മന്ത്രി പി. രാജീവ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. കേരളം വിടുന്നു എന്ന് പറഞ്ഞവർ ഇതുവരെ പോയിട്ടില്ല. കിറ്റെക്സ് ഇത്രയും വളർന്നത് കേരളത്തിന്റെ മണ്ണിലാണ്. ചന്ദ്രബാബു നായിഡുപോലും കേരളത്തെ പ്രശംസിച്ച് സംസാരിച്ചത് നമുക്ക് മുന്നിലുണ്ടെന്നും പി. രാജീവ് പറഞ്ഞിരുന്നു.



