വാഷിങ്ടൺ: യു.എസിലെ ലോസ് ആഞ്ജലസ് പട്ടണത്തിൽ അനധികൃത കുടിയേറ്റക്കാർക്കായി തുടരുന്ന റെയ്ഡിനെതിരെ പ്രതിഷേധം ശക്തമായതോടെ പട്ടാളത്തെ വിളിച്ച് ട്രംപ്. ആദ്യഘട്ടത്തിൽ 2000 നാഷനൽ ഗാർഡ് പട്ടാളക്കാരെയാണ് സേവനത്തിനായി വിന്യസിച്ചത്. ഡെമോക്രാറ്റുകൾ സംസ്ഥാന ഭരണം കൈയാളുന്ന ലോസ് ആഞ്ജലസിൽ ജനസംഖ്യയിലേറെയും ഹിസ്പാനികുകളും മറ്റു രാജ്യങ്ങളിൽ വേരുകളുള്ളവരുമാണ്.
ഇവരിലെ രേഖകളില്ലാത്തവരെ പിടിക്കാനെന്ന പേരിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയും ചില പ്രക്ഷോഭകർ മെക്സിക്കോ പതാക വീശുകയും ചെയ്തത് ഉയർത്തിക്കാട്ടിയാണ് രാജ്യദ്രോഹം നിയന്ത്രിക്കാനെന്ന പേരിൽ പട്ടാള വിന്യാസം. ട്രംപിന്റെ നീക്കം പക്ഷേ, സംസ്ഥാനത്ത് കടുത്ത എതിർപ്പുയർത്തിയിട്ടുണ്ട്.



