കെനിയയിൽ ബസ് അപകടത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികൾ.
ഗീത ഷോജി ഹോപ് ഖത്തർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജോയൽ,ഏബിൾ എന്നിവർ മക്കളാണ്. ഖത്തറിൽ ജോലി ചെയ്യുന്ന ഷോജി ഐസക്കാണ് ഭർത്താവ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് ഷോജനും മകൻ ഏബിളും കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും. മലയാളികളെ കൂടാതെ കർണാടക സ്വദേശികളും ഗോവൻ സ്വദേശികളുമാണ് സംഘത്തിലുള്ളത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



