ദുബൈ: ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ ദുബൈയിലെത്തിയത് ആറു ലക്ഷത്തിലേറെ സഞ്ചാരികൾ. ദുബൈ ജി.ഡി.ആർ.എഫ്.എയാണ് സഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ടത്. ആഗോള ടൂറിസം ഭൂപടത്തിൽ ദുബൈയെ ശക്തമായി അടയാളപ്പെടുത്തുന്നതാണ് സഞ്ചാരികളുടെ എണ്ണം.
ബലി പെരുന്നാൾ അവധി ദിവസങ്ങളായ ജൂൺ അഞ്ചു മുതൽ എട്ടു വരെ, ദുബൈയിലെ എൻട്രി-എക്സിറ്റ് പോയിന്റുകളിലൂടെ 6.29 ലക്ഷം പേർ കടന്നു പോയി എന്നാണ് ദുബൈ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഥവാ ജി.ഡി.ആർ.എഫ്.എയുടെ കണക്ക്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഭൂരിഭാഗം യാത്രക്കാരും കടന്നു പോയത്. 5.81 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. തെക്കു കിഴക്കൻ അതിർത്തിയായ ഹത്ത വഴി 46,863 യാത്രക്കാരും കടൽ വഴി 1,169 പേരും യാത്ര ചെയ്തു.



