Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅത്ഭുതകരം ഈ രക്ഷപ്പെടൽ, ഒരാൾ ജീവനോടെ; തകർന്ന വിമാനത്തിൽ നിന്ന് നടന്ന് ആംബുലൻസിലേക്ക്

അത്ഭുതകരം ഈ രക്ഷപ്പെടൽ, ഒരാൾ ജീവനോടെ; തകർന്ന വിമാനത്തിൽ നിന്ന് നടന്ന് ആംബുലൻസിലേക്ക്

അഹ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ നിന്നും എല്ലാവരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസകരമായ ഒരു വാർത്ത. ഒരാളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു. അമേഷ് വിശ്വാസ് കുമാർ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ അമേഷ് വിശ്വാസ് ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസിൽ കയറിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

നേരത്തെ, യാത്രക്കാരിൽ ആരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തിൽ മലയാളി യുവതിയുടെ മരണം അധികൃതർ സ്ഥിരീകരിച്ചിരുന്നു. യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാൾ കനേഡിയൻ പൗരത്വവും ഉള്ളവരാണ്.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനദുരന്തമാണിത്. അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകർന്നു വീണത്. എം.ബി.ബി.എസ് ഡോക്ടർമാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ അഞ്ച് ഡോക്ടർമാരും മരിച്ചു.

ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.

11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടനെ ‘മേയ്ഡേ കാൾ’ എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് നൽകിയിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരമെത്തിയത്. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ബോയിങ് വിമാനം അപകടത്തിൽ പെടുന്ന അപൂർവമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments