ദുബൈ: ഇസ്രായേൽ-ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇരു രാജ്യങ്ങളും വ്യോമപാത അടച്ചതിനാൽ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ അവതാളത്തിലായി. യുഎഇയിൽ നിന്ന് മാത്രം 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി.
യുഎഇയിൽ നിന്ന് ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറാഖ്, ജോർദാൻ, ലബനാൻ, സിറിയ, റഷ്യ, അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് അവതാളത്തിലായത്. ഈ രാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് വരുന്നതുമായ വിമാനങ്ങൾ റദ്ദാക്കിയതായി ദുബൈ വിമാനത്താവളം വ്യക്തമാക്കി.
ഇറാനി വിമാനത്താവളങ്ങളായ തെഹ്‌റാൻ, ഷിറാസ്, ലാർ, കിഷ് ഐലൻഡ്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ചതായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ, ഇത്തിഹാദ് വിമാന കമ്പനികൾ അറിയിച്ചു. അന്താരാഷ്ട്ര വിമാനയാത്രക്ക് തയാറെടുക്കുന്നവർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച ശേഷം പുറപ്പെട്ടാൽ മതിയെന്ന് ദുബൈ, ഷാർജ വിമാനത്താവളങ്ങളും നിർദേശം നൽകിയിട്ടുണ്ട്.



