നിലമ്പൂര്‍: നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിനെ കൊടും വഞ്ചകനെന്ന് വീണ്ടും വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂരിലേത് അടിച്ചേല്‍പിക്കപ്പെട്ട തിരഞ്ഞെടുപ്പ്. ഞങ്ങള്‍ കൂടെ കൊണ്ട് നടന്നത് കൊടും വഞ്ചകനെ. ആ വഞ്ചനയാണ് തിരഞ്ഞെടുപ്പിന് കാരണമായത്. ചരിത്രം വഞ്ചനക്ക് മാപ്പുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കൂടുതല്‍ കരുത്തോടെ എല്‍ഡിഎഫ് തുടരും. ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ആദ്യമേ തീരുമാനിച്ചു.സ്വരാജ് വന്നപ്പോള്‍ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്യുന്നു. വന്‍ സ്വീകാര്യത ലഭിക്കുന്നു. ഇത് എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ സമൂഹം അകറ്റി നിര്‍ത്തിയ ചിലരുണ്ട്. അങ്ങനത്തെ ഒന്നാണ് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ രാജ്യത്ത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. കാശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുസഫ് തരിഗാമി പരാജയപ്പെടണമെന്ന് നിര്‍ബന്ധമുള്ള ബിജെപിയെ സഹായിച്ച് കൊണ്ട് രംഗത്തുണ്ടായിരുന്നത് ജമാഅത്തെ ഇസ്‌ലാമിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന് പണ്ടുമുതല്‍ ജമാഅത്തെയെ അറിയാം. മുസ്ലീം ജനവിഭാഗത്തിലെ ഭൂരിഭാഗവും ജമാഅത്തെയെ തള്ളിയതാണ്. മാധ്യമം ദിനപത്രം ജനങ്ങളുമായി സംവദിക്കാന്‍ ഉപയോഗിച്ചു. മാധ്യമത്തിന്റെ ഉദ്ഘാടനത്തിന് എല്ലാവരെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ക്ഷണിച്ച കൂട്ടത്തില്‍ ശിഹാബ് തങ്ങള്‍ നിലപടുയര്‍ത്തി പിടിച്ച് ആ പരിപാടിയില്‍ പങ്കെടുത്തില്ല. മീഡിയ വണ്ണിന്റെ ഉദ്ഘാടനത്തിന് ഹൈദരലി തങ്ങള്‍ പങ്കെടുത്തില്ല. ലീഗ് എന്നും അകറ്റി നിര്‍ത്തിയ വിഭാഗമായിരുന്നു ജമാഅത്തെ ഇസ്‌ലാമി. എല്ലാ മുസ്‌ലിം സംഘടനകളുടെ യോഗത്തിലും പങ്കെടുക്കാറുള്ളയാളായിരുന്നു സിഎച്ച് മുഹമ്മദ് കോയ. എന്നാല്‍ അദ്ദേഹം ജമാ അത്തെ ഇസ്‌ലാമി യോഗത്തില്‍ പങ്കെടുത്തില്ല. യുഡിഎഫ് പാപ്പരായി. നാല് വോട്ട് കിട്ടാന്‍ എന്തും ചെയ്യുമെന്നായി. ലീഗ് നേതൃത്വം അറിയാതെയല്ല കോണ്‍ഗ്രസ് ഈ നിലപാടെടുത്തത്. അത് ഇന്നലെ ലീഗ് സ്ഥിരീകരിച്ചു. ഞങ്ങള്‍ക്ക് തെളിമയാര്‍ന്ന നിലപാട്. വര്‍ഗ്ഗീയ ശക്തികളുടെ വോട്ട് വേണ്ട.നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല എല്‍ഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചപ്പോള്‍ അരയക്ഷരം സംസാരിക്കാന്‍ യുഡിഎഫ് തയ്യാറായില്ല. ദുരന്ത കാലത്ത് യുഡിഎഫ് കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രത്തെ പിന്തുണച്ചു. എന്നിട്ടും നമ്മുടെ നാട് അതിജീവിച്ചു. നമ്മുടെ അതിജീവനം രാജ്യവും ലോകവും ആശ്ചര്യത്തോടെ നോക്കിക്കണ്ടു. നടക്കില്ലെന്ന് 2016 ല്‍ കരുതിയ പലതും നടക്കുമെന്ന് ഇന്ന് അനുഭവത്തിലൂടെ നാടിന് ബോധ്യമായി. ഹൈടെക്ക് സ്‌കൂളുകള്‍, സ്മാര്‍ട്ട് ക്ലാസുകള്‍ എല്ലാം യഥാര്‍ഥ്യമായി. ലോകത്തെ ഏറ്റവും മികച്ചതാക്കി നമ്മുടെ വിദ്യാഭ്യാസ മേഖലയെ മാറ്റണം. നമ്മുടെ ആരോഗ്യ രംഗവും ഏറ്റവും മികച്ചതാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



