മലപ്പുറം: ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലയെന്നും നിലപാട് ലജ്ജാകരമാണെന്നും എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി. ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ഇന്ത്യ കൈയ്യടിക്കുന്നതെങ്ങനെയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയപ്പോളാണ് പ്രതികരണം.
ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട യു എൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന നടപടിലും കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക ഗാന്ധി ഉയർത്തിയത്. ഒരു ജനത മുഴുവൻ തടവിലാക്കപ്പെടുകയും പട്ടിണിയിൽ ആവുകയും ചെയ്തിട്ടും കേന്ദ്ര സർക്കാർ ഒരു നിലപാട് സ്വീകരിക്കുന്നില്ല. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നിശബ്ദത പാലിക്കുന്നുവെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. നാളെ നിലമ്പൂരിലെ രണ്ട് ഇടങ്ങളില്‍ പ്രിയങ്ക പ്രചരണത്തിനെത്തും.



