ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ സംസ്കൃത വകുപ്പിലെ ഒരു കോഴ്സിൽ മനുസ്മൃതിയെ ഉൾപ്പെടുത്തിയതിനെ തുടർന്ന് വിമർശനം. വിമർശനത്തെ തുടർന്ന് പാഠഭാഗം ഒഴിവാക്കിയതായി വൈസ് ചാൻസലർ. ഡൽഹി സർവകലാശാലയിലെ ഒരു കോഴ്സിലും മനുസ്മൃതി പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ യോഗേഷ് സിംഗ് പറഞ്ഞു. ‘നേരത്തെ തന്നെ മനുസ്മൃതി ഒരു കോഴ്സിലും പഠിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ‘ധർമ്മശാസ്ത്ര പഠനങ്ങൾ’ എന്ന വിഭാഗത്തിൽ മനുസ്മൃതി ഉൾക്കൊള്ളുന്ന ഒരു വായന സംസ്കൃത വകുപ്പ് നിർദ്ദേശിച്ചു. അത് ഒഴിവാക്കിയിട്ടുണ്ട്.’ വിസി പറഞ്ഞു.
ഡൽഹി സർവകലാശാലയുടെ ഒരു കോഴ്സിലും മനുസ്മൃതി പാഠം പഠിപ്പിക്കില്ല എന്ന് സർവകലാശാല എക്സിൽ ഒരു പ്രസ്താവനയും ഇറക്കി. ‘മനുസ്മൃതിയെ പരാമർശിച്ചിരിക്കുന്ന സംസ്കൃത വകുപ്പിന്റെ ഡിഎസ്സിയായ ‘ധർമ്മശാസ്ത്ര പഠനങ്ങൾ’ നീക്കം ചെയ്തിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച് ബിരുദ പാഠ്യപദ്ധതി ചട്ടക്കൂടിന് കീഴിൽ അവതരിപ്പിച്ച ധർമ്മശാസ്ത്ര പഠനങ്ങൾ എന്ന നാല് ക്രെഡിറ്റുകളുള്ള സംസ്കൃത കോഴ്സിൽ മനുസ്മൃതിയെ ഉൾപ്പെടുത്തിയതിന് ശേഷമാണ് ഈ നീക്കം. രാമായണം, മഹാഭാരതം, പുരാണങ്ങൾ, അർത്ഥശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.’ പ്രസ്താവനയിൽ പറയുന്നു.



