ഐ.പി.എൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ലൈറ്റുകൾ തങ്ങളുടെ സൈബർ പോരാളികൾ ഹാക്ക് ചെയ്തെന്ന പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രസ്താവനക്ക് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. പാക് പാർലമെന്‍റിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ വ്യാജ അവകാശവാദം. മേയ് എട്ടിന് ഹിമാചൽ പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിൽ മത്സരം നിർത്തി ലൈറ്റുകൾ അണച്ച സംഭവമുണ്ടായിരുന്നു. ഇത് ഉദ്ദേശിച്ചാണ് പാക് പ്രതിരോധ മന്ത്രിയുടെ വാക്കുകളെങ്കിൽ, മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല അതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
‘ഇതെല്ലാം പാകിസ്താന്‍റെ തദ്ദേശീയമായ സാങ്കേതികവിദ്യകളാണെന്ന് ഇന്ത്യക്ക് പൂർണമായും മനസ്സിലാവില്ല. നമ്മുടെ സൈബർ പടയാളികൾ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ലൈറ്റുകൾ ഓഫാക്കി. ലൈറ്റുകൾ ഓഫാക്കി ഐ.പി.എൽ മത്സരം നിർത്തിവെക്കേണ്ടിവന്നു. ഇന്ത്യയിലെ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടു, അവരുടെ വൈദ്യുതി ഗ്രിഡ് അടച്ചുപൂട്ടി. ഈ ആക്രമണങ്ങളെല്ലാം നമ്മുടെ സൈബർ പോരാളികൾ നടത്തിയതാണ്’ -മന്ത്രി പാർലമെന്‍റിൽ പറഞ്ഞു.
ഐ.പി.എല്ലിൽ മേയ് എട്ടിന് ധരംശാല സ്റ്റേഡിയത്തിൽ നടന്ന പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിവെച്ചിരുന്നു. ഇത് അതിർത്തിയിലെ സംഘർഷ സാഹചര്യത്തിൽ സുരക്ഷാ പരിഗണനകൾ മുൻനിർത്തിയുള്ള തീരുമാനമായിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മത്സരം നിർത്തുകയുമായിരുന്നു. ഇതാണ്, പാക് സൈബർ പോരാളികളുടെ ആക്രമണമെന്ന നിലയിൽ പ്രതിരോധ മന്ത്രി പാർലമെന്‍റിൽ വ്യാജ അവകാശവാദമുന്നയിച്ചത്.
ഖ്വാജ ആസിഫിന്‍റെ സൈബർ അറ്റാക്ക് പ്രസ്താവനക്ക് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴയാണ്. ‘സൈബർ എന്നതിന് പാകിസ്താനിൽ മറ്റെന്തോ അർത്ഥമാണെന്ന കാര്യം അറിയില്ലായിരുന്നു’ എന്നാണ് ഒരാളുടെ കമന്‍റ്. ‘ഐ.പി.എൽ ഫ്ലഡ്ലൈറ്റുകൾ ഇലക്ട്രിക് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്, അല്ലാതെ വൈഫൈയിൽ അല്ല’ -വേറൊരാൾ ചൂണ്ടിക്കാട്ടുന്നു. ‘ലൈറ്റ് സ്വിച്ച്ഓഫ് ചെയ്യുന്നത് സൈബർ ആക്രമണമാണെങ്കിൽ എന്‍റെ മൂന്ന് വയസുള്ള മരുമകൻ ലോകത്തിന് തന്നെ ഭീഷണിയാണ്, ഒരു സൂം മീറ്റിങ്ങിനിടെ അവൻ വൈഫൈയുടെ സ്വിച്ച് ഓഫാക്കിക്കളഞ്ഞു’ -എന്നാണ് മറ്റൊരാളുടെ കമന്‍റ്.ഇതാദ്യമായല്ല ഖ്വാജ ആസിഫ് മണ്ടൻ പ്രസ്താവനകൾക്ക് ട്രോളുകളേറ്റുവാങ്ങുന്നത്. ഓപറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് വൻ തിരിച്ചടിയേറ്റെന്നും അഞ്ച് വിമാനങ്ങൾ വെടിവെച്ചിട്ടെന്നും നേരത്തെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് തെളിവ് എവിടെ എന്ന ചോദ്യത്തിന് ‘എല്ലാം സോഷ്യൽ മീഡിയയിൽ ഉണ്ടല്ലോ’ എന്നായിരുന്നു മറുപടി.



