ന്യൂഡൽഹി : ഇംഫാൽ വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി എയർഇന്ത്യ. ടാറ്റയുടെ ദീർഘകാലമായ പദ്ധതി പ്രകാരമാണ് തീരുമാനം. ചെലവ് കുറഞ്ഞ സർവീസുകൾ നടത്തുന്ന എയർഇന്ത്യയുടെ അനുബന്ധസ്ഥാപനമായ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാവും ഇനി ഇംഫാലിലേക്കുള്ള സർവീസുകൾ നടത്തുക.
‘പതിറ്റാണ്ടുകളുടെ വിശിഷ്ട സേവനത്തിന് ശേഷം മണിപ്പുർ വ്യോമയാന ചരിത്രത്തിലെ സുപ്രധാന അധ്യായം ഇവിടെ അവസാനിക്കുന്നു.’ –- ഇംഫാൽ വിമാനത്താവള അധികൃതർ ഔദ്യോഗിക സമൂഹമാധ്യമപേജുകളിൽ കുറിച്ചു. അഹമ്മദാബാദ് വിമാനപകടവുമായി തീരുമാനത്തിന് ബന്ധമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.ജൂൺ 12ന് അഹമ്മദാബാദ് – ലണ്ടൻ ഗാറ്റ്വിക് എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ തകർന്നുവീണിരുന്നു. ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും കൊല്ലപ്പെട്ടു. ആകെ 265 പേരാണ് വിമാനദുരന്തത്തിൽ മരണമടഞ്ഞത്.



